കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ച റിമാന്‍ഡിലായിരുന്ന പ്രതി ഷെഫീഖിന്റെ തലയിലും മുഖത്തും മുറിവുകളുണ്ടെന്നും ഇത് മര്‍ദനമേറ്റതിന്റെ തെളിവാണെന്നും ബന്ധുക്കള്‍ ആരോപിച്ചു. കേസ് എന്താണെന്ന് തങ്ങള്‍ക്കറിയില്ലെന്നും ബന്ധുക്കള്‍ പറയുന്നു. തിങ്കളാഴ്ച രാവിലെ ആറുമണിയോടെ ഷെഫീഖ് തനിയെ വീട്ടിലുള്ളപ്പോഴാണ് പോലീസ് കസ്റ്റഡിയിലെടുത്തതെന്ന് ഭാര്യ സെറീന പറഞ്ഞു.

ബുധനാഴ്ച രോഗം കൂടുതലാണെന്നും ഉടന്‍ ആശുപത്രിയിലെത്താനും പോലീസ് അറിയിച്ചു. പീന്നീട് വീട്ടില്‍ വിളിച്ചപ്പോഴാണ് മരിച്ച വിവരം അറിയുന്നതെന്ന് ഭാര്യ സെറീന പറഞ്ഞു. പിടിച്ചുകൊണ്ടുപോയവര്‍ ഉപദ്രവിച്ചതാണ് മരണകാരണമെന്ന് ഷെഫീഖിന്റെ മാതാവ് റഷീദ പറഞ്ഞു.

റിമാന്‍ഡിലായ ഷെഫീഖിനെ കാക്കനാട്ടെ കോവിഡ് സെന്ററില്‍ പ്രവേശിപ്പിച്ചു. ഇതിനിടെ ഷെഫീഖിന് അപസ്മാരം ഉണ്ടായതിനെ തുടര്‍ന്നാണ് ആദ്യം എറണാകുളം ജില്ലാ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികില്‍സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെന്നുമാണ് വീട്ടുകാരോട് പോലീസും ജയില്‍ അധികൃതരും അറിയിച്ചത്. ഷെഫീഖിനു അടിയന്തര ശസ്ത്രക്രിയ ആവശ്യമാണെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചതനുസരിച്ചു വ്യാഴാഴ്ച ഉച്ചയോടെ ഷെഫീഖിന്റെ വീട്ടില്‍ വിവരം അറിയിച്ചതായി കാഞ്ഞിരപ്പള്ളി പോലീസ് പറയുന്നു.

നടപടികളില്‍ വീഴ്ചയില്ല-ഉദയംപേരൂര്‍ പോലീസ്

കൊച്ചി: അറസ്റ്റ് ചെയ്ത അന്നുതന്നെ ഷെഫീഖിനെ തൃപ്പൂണിത്തുറ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തുവെന്നും പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്നും ഉദയംപേരൂര്‍ എസ്.ഐ. പറഞ്ഞു.

ട്രഷറി ഓഫീസര്‍ ചമഞ്ഞ് ഉദയംപേരൂരിലെ ഒരു വീട്ടിലെത്തിയ ഷെഫീക്ക്, വീട്ടമ്മയോട് 1,40,000 രൂപ ട്രഷറിയില്‍ വന്നിട്ടുണ്ടെന്നും തുടര്‍നടപടിക്കായി 7000 രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടു. 3000 രൂപയേ ഉള്ളൂവെന്നു പറഞ്ഞപ്പോള്‍ ആ തുക വാങ്ങിയ ശേഷം വീട്ടമ്മയുടെ കാതിലെ രണ്ടുഗ്രാം 300 മില്ലിഗ്രാം തൂക്കം വരുന്ന സ്വര്‍ണക്കമ്മലും ഊരി വാങ്ങി ഇയാള്‍ കടന്നുകളയുകയായിരുന്നു. 2020 ഡിസംബര്‍ 19-നായിരുന്നു സംഭവം.

കാഞ്ഞിരപ്പള്ളി വട്ടകപ്പാറ തൈപ്പറമ്പില്‍ ഇസ്മയിലിന്റെ മകന്‍ ഷെഫീഖ് (37) ബുധനാഴ്ച വൈകീട്ടാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. ഉദയംപേരൂര്‍ പോലീസാണ് വഞ്ചനാകേസില്‍ ഷെഫീഖിനെ അറസ്റ്റ് ചെയ്തത്. 

തിങ്കളാഴ്ച കാഞ്ഞിരപ്പള്ളി പോലീസ് കസ്റ്റഡിയിലെടുത്ത് ഉദയംപേരൂര്‍ പോലീസിന് കൈമാറുകയായിരുന്നു. കാക്കനാട് ജില്ലാ ജയിലിനോടനുബന്ധിച്ച ബോര്‍സ്റ്റല്‍ സ്‌കൂള്‍ ക്വാറന്റീന്‍ സെന്ററില്‍ റിമാന്‍ഡിലായിരുന്നു പ്രതി. അപസ്മാരബാധയെത്തുടര്‍ന്ന് ചൊവ്വാഴ്ച എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കടുത്ത തലവേദനയും ഛര്‍ദിയുമായാണ് ബുധനാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ ഷെഫീഖിനെ കോട്ടയം മെഡിക്കല്‍ കോളേജിലെത്തിച്ചത്. ഉടന്‍തന്നെ വാര്‍ഡിലേക്ക് മാറ്റിയെങ്കിലും അസ്വസ്ഥതകളുണ്ടായതോടെ സ്‌കാനിങ്ങിന് വിധേയനാക്കി. ന്യൂറോ സര്‍ജറി വിഭാഗം ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ തലച്ചോറില്‍ നീര്‍വീക്കവും രക്തസ്രാവവും കണ്ടെത്തി. ഇതോടെ, വൈകീട്ട് മൂന്നരയോടെ അടയന്തര ശസ്ത്രക്രിയയ്ക്കായി ഓപ്പറേഷന്‍ തിയേറ്ററിലേക്ക് മാറ്റുന്നതിനിടെയാണ് ഷെഫീഖ് മരിച്ചത്. 

Content Highlights: accused dies in remand custody allegation against police