മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ വോട്ടെണ്ണൽ ദിനത്തിൽ യുവാവിനെ അടിച്ചുവീഴ്ത്തി മാല കവർന്ന കേസിൽ എറണാകുളം മരട് ആനകാട്ടിൽ ആഷിക് ആന്റണിയെ മൂവാറ്റുപുഴ പോലീസ് പിടികൂടി. വീട് വാടകയ്ക്ക് കൊടുക്കും എന്ന പരസ്യംകണ്ട് എത്തിയ ആളെന്ന വ്യാജേന ഞായറാഴ്ച വീട്ടിലെത്തിയ പ്രതിയും കൂട്ടാളികളും ഗൃഹനാഥനെ ആക്രമിച്ച് പരിക്കേൽപ്പിച്ചശേഷം മാല തട്ടിയെടുത്ത് കടക്കുകയായിരുന്നു. ഇവരെത്തിയ കാർ പോലീസ് കസ്റ്റഡിയിലെടുത്തു.

കൊലപാതകം, മയക്കുമരുന്ന്, കഞ്ചാവ്, വാഹനമോഷണം, വഞ്ചന തുടങ്ങി ഇരുപതോളം കേസുകളിലെ പ്രതിയാണ് ആഷിക്. വാഹനത്തട്ടിപ്പ് കേസിലെ കൂട്ടുപ്രതിയായ ഭാര്യയോടൊപ്പം പേഴയ്ക്കാപ്പിള്ളി പുന്നോപ്പടിയിൽ താമസിച്ചുവരികയായിരുന്നു.

മൂവാറ്റുപുഴ പോലീസ് ഇൻസ്പെക്ടർ കെ.എസ്. ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ പ്രിൻസിപ്പൽ എസ്.ഐ. ശശികുമാർ വി.കെ., എൽദോസ് കുര്യാക്കോസ്, എ.എസ്.ഐ. ജയകുമാർ പി.സി., സീനിയർ സി.പി.ഒ. അഗസ്റ്റിൻ ജോസഫ്, സി.പി.ഒ.മാരായ ബിബിൽ മോഹൻ, ജിസ്മോൻ എന്നിവർ ഉണ്ടായിരുന്നു.