പാതിരിപ്പറ്റ(കോഴിക്കോട്): പാതിരിപ്പറ്റയില്‍ പീഡനത്തിനിരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പിതാവിന്റെ സുഹൃത്തും പിടിയിലായി. തമിഴ്‌നാട് മാര്‍ത്താണ്ഡം സ്വദേശി രതീഷിനെ(22)യാണ് കുറ്റ്യാടി സി.ഐ. കെ. രാജീവ് കുമാറിന്റെയും എസ്.ഐ. ആര്‍.സി.ബിജുവിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റുചെയ്തത്.

തൂത്തുക്കുടി ചെട്ടിവിളൈ എന്ന സ്ഥലത്ത് ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ഉപരി പോലീസ് സ്റ്റേഷന്‍ എസ്.ഐ സെല്‍വിയുടെ സഹായത്തോടെയാണ് കസ്റ്റഡിയിലെടുത്തത്. കോട്ടയം സ്വദേശിയായ പിതാവിനെ എടവണ്ണ ഒതായില്‍നിന്ന് നേരത്തേ അറസ്റ്റുചെയ്തിരുന്നു.

ചേവായൂര്‍ അഗതിമന്ദിരത്തില്‍ കഴിയുന്ന കുട്ടിയുടെ പരാതി പ്രകാരം ചേവായൂര്‍ പോലീസാണ് കേസ് രജിസ്റ്റര്‍ചെയ്തത്. പ്രതികള്‍ പാതിരിപ്പറ്റയില്‍ വാടകയ്ക്ക് താമസിക്കുമ്പോഴാണ് പീഡനം നടന്നതെന്നതിനാല്‍ കേസ് കുറ്റ്യാടി പോലീസിന് കൈമാറി. എ.എസ്.ഐ.മാരായ മനോജ്, കെ.പി. അഷ്‌റഫ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ രതീഷ്, റിയാസ്, രജനി എന്നിവരും സംഘത്തിലുണ്ടായിരുന്നു.