വടക്കാഞ്ചേരി: മെഡിക്കല്‍ കോളേജില്‍ റേഡിയോളജി വിദ്യാര്‍ഥിനിയെ കയറിപ്പിടിച്ച കേസിലെ പിടികിട്ടാപ്പുള്ളിയെ വടക്കാഞ്ചേരി പോലീസ് പിടികൂടി.

കോട്ടയം കാഞ്ഞിരമറ്റം മൂത്തമാങ്കുഴിയില്‍ മനു തങ്കച്ചനാണ് പിടിയിലായത്. 2015-ല്‍ ആണ് സംഭവം. ഒളിവില്‍ പോയ പ്രതി കഴിഞ്ഞ നാലുവര്‍ഷമായി ഗള്‍ഫിലായിരുന്നു. തുടര്‍ന്ന് ബെംഗളൂരുവിലെത്തി. വീട്ടിലെത്തിയെന്ന രഹസ്യസന്ദേശത്തെ തുടര്‍ന്നാണ് പോലീസ് പിടികൂടിയത്.

വടക്കാഞ്ചേരി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സാബു, എസ്.ഐ. സതീഷ് കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ജോബിന്‍ ഐസക്, ഗോകുലന്‍, വനിതാ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സിന്ധു എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.

യുവതിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയതിനും കേസ് നിലവിലുണ്ട്. കോട്ടയം, കറുകച്ചാല്‍ സ്റ്റേഷനിലും പ്രതിക്കെതിരേ സമാനമായ കേസുള്ളതായി പോലീസ് പറഞ്ഞു. കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.