ഗുരുവായൂര്‍: പോലീസുകാരന്റെ മുഖത്തേയ്ക്ക് കുരുമുളകുപൊടിയെറിഞ്ഞ് രക്ഷപ്പെട്ട് മുങ്ങിനടന്നയാള്‍ അറസ്റ്റിലായി. പാലയൂര്‍ കറുപ്പംവീട്ടില്‍ ഫവാദിനെ(33)യാണ് അറസ്റ്റ് ചെയ്തത്.

ജില്ലയില്‍ മാത്രം മുപ്പതോളം കേസുകളുള്ളയാളാണ് പ്രതി. ഒളിവിലായിരുന്ന ഫവാദ് തൃശ്ശൂര്‍ ഒല്ലൂരിലുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഒല്ലൂര്‍ പോലീസിന്റെ സഹായത്തോടെയാണ് ഗുരുവായൂര്‍ പോലീസ് പിടികൂടിയത്.

മാര്‍ച്ച് 11-ന് ഗുരുവായൂര്‍ സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ രതീഷിനുനേരേ കുരുമുളകുപൊടി സ്പ്രേ ചെയ്ത കേസിലാണ് അറസ്റ്റ്.

2015-ല്‍ നടന്ന ആക്രമണക്കേസുമായി ബന്ധപ്പെട്ട് ഫവാദിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഇയാള്‍ പേരകത്തുള്ള ഭാര്യവീട്ടില്‍ വന്നിട്ടുണ്ടെന്ന് സൂചന ലഭിച്ചപ്പോഴായിരുന്നു പോലീസ് പിടികൂടാനെത്തിയത്.

പോലീസ് സംഘത്തെ കണ്ടയുടനെ ഇറങ്ങിയോടാന്‍ ശ്രമിച്ച പ്രതിയെ പിടിച്ചുനിര്‍ത്താനുള്ള ശ്രമത്തിനിടയിലായിരുന്നു രതീഷിന്റെ മുഖത്തേയ്ക്ക് കുരുമുളകുപൊടിയെറിഞ്ഞത്. രതീഷിന് കണ്ണിന് പരിക്കേറ്റിരുന്നു.