തിരുവനന്തപുരം: എബ്രഹാം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലെ പാര്‍ക്കിങ് ഏരിയയില്‍ കയറി വാഹനങ്ങള്‍ അടിച്ച് തകര്‍ത്തത് വീട്ടകാരുമായി വഴക്കുണ്ടാക്കിയതിലെ അരിശം തീര്‍ക്കാന്‍. കുറ്റം ചെയ്തതായി എബ്രഹാം സമ്മതിച്ചുവെന്ന് പോലീസ് പറയുന്നു. 18കാരനായ എബ്രഹാം കഴിഞ്ഞ ദിവസം വീട്ടുകാരോട് വഴക്കുണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെ വീട് വിട്ട് ഇറങ്ങുകയും ചെയ്തു. 

ലഹരി ഉപയോഗിച്ചിരുന്ന പ്രതി തമ്പാനൂര്‍ ഭാഗത്ത് എത്തിയ ശേഷം റെയില്‍വേ സ്‌റ്റേഷനിലെ പേ ആന്‍ഡ് പാര്‍ക്ക് സോണില്‍ എത്തുകയും കൈയില്‍ കിട്ടിയ കല്ലുപയോഗിച്ച് കണ്ണില്‍ കണ്ട വാഹനങ്ങളെല്ലാം തകര്‍ക്കുകയുമായിരുന്നു. പ്രതിക്ക് മോഷണം നടത്തണമെന്ന ഉദ്ദേശമുണ്ടായിരുന്നില്ലെന്ന് പോലീസ് പറയുന്നു. ഇതുവരെ ഒരു വാഹനങ്ങളില്‍ നിന്നും വിലപിടിപ്പുള്ള മറ്റൊന്നും നഷ്ടപ്പെട്ടതായി പരാതിയില്ല. 

സണ്‍ഗ്ലാസ് ഉള്‍പ്പെടെയുള്ള ചില സാധനങ്ങള്‍ മാത്രമാണ് നഷ്ടമായത്. മറ്റ് കാറുടമകള്‍ കൂടി എത്തിയാല്‍ മാത്രമേ കൂടുതല്‍ അറിയാന്‍ കഴിയുകയുള്ളൂ. കാറുകളില്‍ നിന്ന് എടുത്ത സാധനങ്ങള്‍ നശിപ്പിച്ചുവെന്ന് പ്രതി പോലീസിന് മൊഴിയും നല്‍കി. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതിയെ മനസ്സിലാക്കിയ പോലീസ് വീട്ടിലെത്തിയാണ് പിടികൂടിയത്. പോലീസ് എത്തുമ്പോള്‍ എബ്രഹാം വീട്ടില്‍ തന്നെയുണ്ടായിരുന്നു. 

വീട്ടുകാരുമായി പ്രശ്‌നമുണ്ടാക്കിയതിലെ മാനസിക പ്രശ്‌നം കാരണമാണ് ഇത്തരമൊരു പ്രവൃത്തി ചെയ്തതെന്ന് എബ്രഹാം പോലീസിനോട് പറഞ്ഞു. വഴക്കുകൂടിയ ശേഷം എബ്രഹാം വീട് വിട്ട് പുറത്തേക്ക് പോയിരുന്നുവെന്ന് വീട്ടുകാരും സമ്മതിച്ചു. പ്രതി എന്ത് തരം ലഹരിയാണ് ഉപയോഗിച്ചതെന്ന് വൈദ്യപരിശോധനയ്ക്ക് ശേഷം മാത്രമേ അറിയാന്‍ കഴിയുകയുള്ളൂ.  

പ്രതിക്ക് മോഷ്ടിക്കാന്‍ ഉദ്ദേശമുണ്ടായിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്. കാറുകള്‍ നശിപ്പിച്ചതിലെ നഷ്ടപരിഹാരം സംബന്ധിച്ച തീരുമാനം റെയില്‍വേയും പാര്‍ക്കിങ് കരാറെടുത്തവരും തമ്മിലുള്ള ധാരണയനുസരിച്ച് കൈക്കൊള്ളുമെന്നും പോലീസ് പറഞ്ഞു.

Content Highlights: abraham damaged vehicles due to his family problems