തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസില്‍ പ്രതികളായ ഫാ. തോമസ് എം. കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ക്കെതിരേ കൊലപാതകക്കുറ്റം തെളിഞ്ഞതായി സി.ബി.ഐ. കോടതി. ഇതിന് പുറമേ ഇരുവര്‍ക്കുമെതിരേ ചുമത്തിയ തെളിവ് നശിപ്പിക്കല്‍ കുറ്റവും തെളിഞ്ഞു. ഫാ. തോമസ് കോട്ടൂരിനെതിരേ അതിക്രമിച്ച് കടന്ന കുറ്റവുമുണ്ട്. 

തിരുവനന്തപുരം സി.ബി.ഐ. പ്രത്യേക കോടതിയാണ് അഭയ കേസില്‍ കേരളം കാത്തിരുന്ന വിധി പ്രസ്താവം നടത്തിയത്. അഞ്ച് മിനിറ്റ് മാത്രമാണ് വിധി പ്രസ്താവം നീണ്ടുനിന്നത്. പ്രതികള്‍ക്കുള്ള ശിക്ഷ ബുധനാഴ്ച വിധിക്കും. 

ചൊവ്വാഴ്ച വിധി പ്രസ്താവം കേള്‍ക്കാന്‍ ഫാ. തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും കോടതിയിലെത്തിയിരുന്നു. നിര്‍വികാരനായി കോടതിയിലിരുന്ന ഫാ. തോമസ് കോട്ടൂര്‍ താന്‍ നിരപരാധിയാണെന്നാണ് വിധിപ്രസ്താവത്തിന് ശേഷം പ്രതികരിച്ചത്. വിധി കേട്ട് പ്രാര്‍ഥനയില്‍ മുഴുകിയിരുന്ന സിസ്റ്റര്‍ സെഫിയുടെ കണ്ണുകള്‍ നിറഞ്ഞു. ഇവര്‍ക്കൊപ്പം എത്തിയ കന്യാസ്ത്രീകളും വിധി കേട്ടയുടന്‍ കരഞ്ഞു.

വിധി പ്രസ്താവത്തിന് പിന്നാലെ പ്രതികളെ തിരുവനന്തപുരം ഫോര്‍ട്ട് ആശുപത്രിയില്‍ വൈദ്യപരിശോധനയ്‌ക്കെത്തിച്ചു. ഇതിന് പുറമേ പ്രതികള്‍ക്ക് കോവിഡ് പരിശോധനയും നടത്തും. ശേഷം ഫാ. തോമസ് കോട്ടൂരിനെ പൂജപ്പുര ജയിലിലേക്കും സിസ്റ്റര്‍ സെഫിയെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്കും കൊണ്ടുപോകും. കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആണെങ്കില്‍ ശിക്ഷ വിധിക്കുന്നത് കേള്‍ക്കാനായി ഇരുവരെയും ബുധനാഴ്ച വീണ്ടും കോടതിയില്‍ എത്തിക്കും.  

Content Highlights: abhaya case verdict ipc 302 against both culprits