തിരുവനന്തപുരം: സിസ്റ്റർ അഭയ കൊലക്കേസിലെ പ്രതി ഫാ. തോമസ്‌ എം. കോട്ടൂരും ഫാ. ജോസ്‌ പൂതൃക്കയിലും ഒന്നിച്ച്‌ സിസ്റ്റർ അഭയ താമസിച്ചിരുന്ന മഠത്തിലേക്കു കയറിപ്പോകുന്നതു കണ്ടതായി സാക്ഷി.

കേസിൽ ജീവിച്ചിരിക്കുന്ന ഏക ദൃക്‌സാക്ഷി രാജുവാണ് (അടയ്ക്കാ രാജു) വിചാരണ തുടങ്ങിയശേഷം പ്രോസിക്യൂഷന്‌ അനുകൂലമായി മൊഴി നൽകിയത്‌. പ്രത്യേക സി.ബി.ഐ. കോടതിയിലെ വിചാരണയിലാണ്‌ രാജു മൊഴിനൽകിയത്. കഴിഞ്ഞ ദിവസങ്ങളിൽ വിസ്തരിച്ച രണ്ടു സാക്ഷികളും കൂറുമാറിയിരുന്നു.

കോൺവെന്റിലെ മിന്നൽ രക്ഷാചാലകത്തിന്റെ ചെമ്പു മോഷ്ടിക്കാനാണ്‌ കോൺവെന്റിൽ പോയതെന്ന്‌ രാജു പറഞ്ഞു. ആദ്യ രണ്ടുദിവസം മോഷണം നടത്തി. മൂന്നാംദിവസം ചെന്നപ്പോൾ ഫാ. തോമസ്‌ എം. കോട്ടൂർ, ഫാ. ജോസ്‌ പൂതൃക്കയിൽ എന്നിവർ മഠത്തിലേക്ക്‌ കോണിപ്പടിയിലൂടെ കയറിപ്പോകുന്നതു കണ്ടു. ഇവരുടെ കൈവശം ടോർച്ചുണ്ടായിരുന്നതായും മൊഴി നൽകി.

സംഭവ ശേഷം രാജു മറ്റൊരു മോഷണക്കേസിൽ പോലീസ്‌ പിടിയിലായി. സിസ്റ്റർ അഭയയുടെ കൊലക്കുറ്റം ഏറ്റെടുത്താൽ രണ്ടുലക്ഷം രൂപ, വീട്‌, കുട്ടികളുടെ പഠനച്ചെലവ് എന്നിവ നൽകാമെന്ന് പോലീസ്‌ വാഗ്‌ദാനം ചെയ്തു. കൊലക്കേസായതിനാൽ ഏറ്റെടുക്കാൻ മടിച്ചതായും ഇയാൾ കോടതിയെ അറിയിച്ചു.

കോടതിമുറിയിൽ രാജു ഒന്നാംപ്രതി ഫാ. തോമസ്‌ എം. കോട്ടൂരിനെ തിരിച്ചറിഞ്ഞു. ഫാ. കോട്ടൂരിനുപുറമേ സിസ്റ്റർ സെഫിയാണ്‌ അഭയക്കേസിൽ വിചാരണ നേരിടുന്നത്‌.

Content Highlights: Abhaya case: The witnesses saw the accused ascending to the monastery of sister Abahaya