കോട്ടയം: ആരംഭദിശയില്‍തന്നെ ലോക്കല്‍ പോലീസില്‍നിന്ന് അന്വേഷണം ക്രൈംബ്രാഞ്ച് 'തട്ടിയെടുത്ത' അപൂര്‍വ കേസായിരുന്നു സിസ്റ്റര്‍ അഭയയുടേത്. അഭയയെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് കോണ്‍വെന്റിലെത്തിയ കോട്ടയം വെസ്റ്റ് പോലീസ് അന്വേഷണത്തിന്റെ ഭാഗമായി കിണറ്റില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കോട്ടയം അഗ്‌നിരക്ഷാസേനയാണ് മൃതദേഹം പുറത്തെടുത്തത്.

ഇന്‍ക്വസ്റ്റ് നടത്തി അസ്വാഭാവിക മരണത്തിന് കേസെടുത്തപ്പോള്‍തന്നെ കൊലപാതകസാധ്യത മുന്നില്‍കണ്ടെങ്കിലും ശരിയായ ദിശയില്‍ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാന്‍ പോലീസിന് കഴിഞ്ഞില്ല. തുടക്കത്തില്‍തന്നെ ലോക്കല്‍ പോലീസ് കേസ് ഫയല്‍ ക്രൈംബ്രാഞ്ചിന് കൈമാറേണ്ടിവന്നത് അന്വേഷണം അട്ടിമറിക്കാനാണെന്ന പ്രചാരണമുണ്ടായി. വെള്ളത്തില്‍ മുങ്ങി ശ്വാസം മുട്ടിയാണ് അഭയ മരിച്ചതെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കൂടി വന്നതോടെ കന്യാസ്ത്രീ കിണറ്റില്‍ ചാടിയതോ ജീവനോടെ കിണറ്റിലിട്ടതോ തുടങ്ങിയ സാധ്യതകളും ലോക്കല്‍ പോലീസ് അന്വേഷണപരിധിയിലുള്‍പ്പെടുത്തി.

ബലാത്സംഗശ്രമങ്ങള്‍ കണ്ടെത്താഞ്ഞതിനാല്‍ ആ നിലയ്ക്കുള്ള അന്വേഷണത്തിന് പ്രസക്തിയുമില്ലായിരുന്നു. കോട്ടയം വെസ്റ്റ് പോലീസ് സംഭവത്തിന് ഒരാഴ്ച മുമ്പ് ഇതേ കോണ്‍വെന്റിലെ അന്തേവാസികളായ രണ്ട് വിദ്യാര്‍ഥിനികളെ ആലപ്പുഴയിലെ ലോഡ്ജില്‍നിന്ന് യുവാക്കള്‍ക്കൊപ്പം പിടികൂടിയിരുന്നു. അതില്‍ കോട്ടയം സ്വദേശികളായ രണ്ട് പ്രതികളെയാണ് അഭയയുടെ മരണവുമായി അന്വേഷണസംഘം ആദ്യമായി കസ്റ്റഡിയിലെടുത്ത്.

ഇവരെ ചോദ്യംചെയ്‌തെങ്കിലും കന്യാസ്ത്രീയുടെ മരണവുമായി ബന്ധപ്പെടുത്താനുള്ള തെളിവുകളൊന്നും ലഭിച്ചില്ല. വെള്ളം കുടിച്ചാണ് അഭയ മരണപ്പെട്ടതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടെങ്കിലും സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തില്‍ കൊല്ലപ്പെട്ടതാണെന്ന നിഗമനത്തില്‍തന്നെയായിരുന്നു പോലീസ് അന്വേഷണം നീങ്ങിയത്.

എന്നാല്‍ ഇതിനെ സാധൂകരിക്കുന്ന തെളിവുകള്‍ കണ്ടെത്താന്‍ തുടക്കത്തില്‍ ലോക്കല്‍ പോലീസിനായില്ല. പ്രതികളിലേക്കെത്താന്‍ ഒരു തുമ്പും കിട്ടാതെ അന്വേഷണം നീങ്ങുന്നതിനിടെ 18-ാം ദിവസം കോട്ടയം വെസ്റ്റ് പോലീസില്‍നിന്ന് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാന്‍ ഉത്തരവായി. കേസ് അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് തുടക്കത്തില്‍ ലോക്കല്‍ പോലീസ് ശേഖരിച്ച് സൂക്ഷിച്ചിരുന്ന തെളിവുകള്‍ അന്വേഷണത്തിന്റെ ഭാഗമായി കൈക്കലാക്കിയെങ്കിലും പിന്നീട് ഈ രേഖകള്‍ പുറംലോകം കണ്ടിട്ടില്ലെന്നാണ് ആക്ഷേപം.

തുടക്കത്തില്‍ അന്വേഷണവുമായി ബന്ധമില്ലാഞ്ഞിട്ടും അന്നത്തെ കോട്ടയം ക്രൈംബ്രാഞ്ച് എസ്.പി.യായിരുന്ന കെ.ടി.മൈക്കിള്‍ മൃതദേഹം കണ്ടെത്തിയ വിവരമറിഞ്ഞയുടന്‍ കോണ്‍വെന്റിലെ സംഭവസ്ഥലത്തെത്തിയത് അന്നുതന്നെ ദുരൂഹതയുണര്‍ത്തിയിരുന്നു.

(പിന്നീട് കേസില്‍ മൈക്കിളിന്റെ പങ്ക് ഹൈക്കോടതി നിര്‍ദേശപ്രകാരം സി.ബി.ഐ. അന്വേഷിച്ചിരുന്നു) ഒന്‍പതര മാസം നീണ്ട അന്വേഷണത്തിനൊടുവില്‍ സിസ്റ്റര്‍ അഭയ മനോവിഷമം മൂലം കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് കണ്ടെത്തി.

വെള്ളത്തില്‍ ചാടിയുള്ള ആത്മഹത്യയെന്ന് തെളിഞ്ഞതിനാല്‍ കേസ് 'ഇനി അന്വേഷിക്കേണ്ട' എന്നു കാട്ടി 1993 ജനുവരി 30-ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും മറ്റ് തെളിവുകളും അവഗണിച്ചായിരുന്നു ക്രൈംബ്രാഞ്ചിന്റെ ഈ നടപടി. 1993-ല്‍ കേസ് സി.ബി.ഐ. ഏറ്റെടുത്തു.

കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തതിന്റെ ലക്ഷണങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇല്ലെന്നും തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്നും ഫൊറന്‍സിക് വിദഗ്ധന്‍ വി.കെ.കന്തസ്വാമിയുടെ കണ്ടെത്തലാണ് പിന്നീട് കേസ് അന്വേഷണത്തില്‍ നിര്‍ണായകമായത്.

അഭയയുടെ വയറ്റില്‍ 300 മില്ലി വെള്ളം മാത്രമാണുണ്ടായിരുന്നതെന്നും വെള്ളത്തില്‍ ചാടി ആത്മഹത്യ ചെയ്താല്‍ ഇതിന്റെ പലമടങ്ങ് വെള്ളം വയറ്റില്‍ ഉണ്ടാകും. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, ഇന്‍ക്വസ്റ്റ്, എഫ്.ഐ.ആര്‍. എന്നിവ വിലയിരുത്തിയുള്ള കന്തസ്വാമിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അഭയയുടെ മരണം കൊലപാതകമാണെന്ന നിഗമനത്തില്‍ സി.ബി.ഐ. എത്തിയത്. സമ്മര്‍ദ്ദത്തെ തുടര്‍ന്ന് രാജിവെക്കേണ്ടിവന്ന സി.ബി.ഐ. ഡിവൈ.എസ്.പി. വര്‍ഗീസ് പി.തോമസിന്റെ അന്വേഷണമാണ് പ്രതികളിലേക്കെത്താന്‍ സി.ബി.ഐ.യെ സഹായിച്ചത്.

Content Highlights: abhaya case police investigation