മുംബൈ: സാമൂഹിക മാധ്യമങ്ങളിലൂടെ ട്വിറ്റര്‍ ഉപയോക്താവ് തന്നെ ലൈംഗികമായി അധിക്ഷേപം നടത്തിയെന്ന് ആരോപിച്ച് ആം ആദ്മി പാര്‍ട്ടി നേതാവ് പ്രീതി ശര്‍മ മേനോന്‍. ഒരു കൂട്ടം അതിഥി തൊഴിലാളികള്‍ അവരുടെ വീടുകളിലേക്ക് കാല്‍നടയായി പോകുന്നതിന്റെ വീഡിയോ ദൃശ്യം പങ്കുവെക്കുകയും റെയില്‍വേ മന്ത്രി പീയുഷ് ഗോയലിനെതിരേ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ട്വിറ്ററിലൂടെ ലൈംഗികാധിക്ഷേപം നടത്തിയത്. 

മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന അതിഥിതൊഴിലാളികളെ തിരികെ നാട്ടിലെത്തിക്കാന്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുമെന്ന് റെയില്‍വേ മന്ത്രി പറഞ്ഞിരുന്നു. 'എന്തുകൊണ്ടാണ് ഈ കുടിയേറ്റക്കാര്‍ ഇപ്പോഴും നടക്കുന്നത്? പിയൂഷ്‌ഗോയലിന് അവരെ കൊണ്ടുപോകുന്നതിന് ഒരു ട്രെയിന്‍ ഇല്ലേ? ' എന്ന് കുറിച്ചുകൊണ്ടാണ് വീഡിയോ പങ്കുവെച്ചത്.

എന്നാല്‍ ഈ വീഡിയോക്ക് പിന്നാലെ ഒരു ട്വിറ്റര്‍ ഉപയോക്താവ് ഇവരെ ലൈംഗികമായി അധിക്ഷേപിക്കുകയായിരുന്നു. പിന്നാലെ എ.എ.പി. നേതാവിന് പിന്തുണയുമായി മറ്റ് ഉപയോക്താക്കള്‍ എത്തിയതോടെ ഇയാള്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്യുകയായിരുന്നു. അതേസമയം ഇയാള്‍ അധിക്ഷേപം നടത്തിയതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. 

അധിക്ഷേപം നടത്തിയ വ്യക്തിക്കെതിരേ പ്രീതി ശര്‍മ ഓണ്‍ലൈനിലൂടെ പോലീസില്‍ പരാതി നല്‍കി. പിന്നാലെ ഐടി ആക്ട്, ഐപിസി 375, 505, 507 എന്നീ വകുപ്പുകള്‍ പ്രകാരം പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ചെയ്യണമെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിനോടും മുംബൈ പോലീസ് കമ്മീഷണറോടും ആവശ്യപ്പെട്ടിട്ടുണ്ട്. 

Content Highlights: aap member abused on twitter for criticising railway minister