മോസ്‌കോ: ആഗോള മഹാമാരിയായ കൊറോണ വൈറസ് ബാധ(കോവിഡ്-19)യുടെ ഭീതിയിലാണ് ലോകരാജ്യങ്ങള്‍. മറ്റു രാജ്യങ്ങളെ പോലെ വൈറസ് ബാധയെ നിയന്ത്രിക്കാനുള്ള ഊര്‍ജിത ശ്രമങ്ങളിലാണ് റഷ്യയും. വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് നിര്‍ബന്ധിത സമ്പര്‍ക്ക വിലക്കും നിലവിലുണ്ട്. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനാണ് റഷ്യയുടെ തീരുമാനം. ഇതനുസരിച്ച് നിലവില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്ന ഒരു വനിതാ ഡോക്ടര്‍ക്കെതിരെ സര്‍ക്കാര്‍ നിയമനടപടി സ്വീകരിക്കുമെന്നാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.

സ്‌പെയിനിലെ മാഡ്രിഡില്‍നിന്ന് യാത്ര കഴിഞ്ഞെത്തിയ ഡോക്ടര്‍ ഐറിന സന്നിക്കോവയാണ് റഷ്യയിലെ ഏറ്റവും വലിയ വൈറസ് വാഹകരില്‍ ഒരാളായി മാറിയത്. റഷ്യയിലെത്തിയ ഇവര്‍ മാഡ്രിഡില്‍ പോയ വിവരം മറച്ചുവെച്ച് ഔദ്യോഗിക യോഗങ്ങളിലും ക്ലാസുകളിലും പങ്കെടുത്തു. ഏകദേശം 1200 ഓളം പേരുമായാണ് ഐറിന കഴിഞ്ഞ ദിവസങ്ങളില്‍ സമ്പര്‍ക്കത്തിലേര്‍പ്പെട്ടത്. 

കഴിഞ്ഞ ബുധനാഴ്ച ഇവര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണ് ഇത്രയധികം പേരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടെന്ന വിവരം പുറത്തുവന്നത്. മെഡിക്കല്‍ വിദ്യാര്‍ഥികളും ഡോക്ടര്‍മാരും ഇതില്‍ ഉള്‍പ്പെടും. ഐറിനയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട എഴുന്നൂറോളം പേരുടെ പരിശോധന പൂര്‍ത്തിയായിട്ടുണ്ട്. ഇതില്‍ 11 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ബാക്കിയുള്ളവരുടെ പരിശോധനകള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

സ്‌പെയിനിലേക്ക് യാത്ര തിരിക്കുന്നതിന് മുമ്പ് കൊറോണ വൈറസ് ബാധ നിയന്ത്രിക്കാനുള്ള മുന്‍കരുതലുകളെ സംബന്ധിച്ച് ഐറിന ടി.വി. പരിപാടികളില്‍ സംസാരിച്ചിരുന്നു. ഇതെല്ലാം അറിഞ്ഞിട്ടും അവര്‍ നിരുത്തരവാദിത്തപരമായി പെരുമാറിയെന്നാണ് റഷ്യന്‍ അധികൃതരുടെ പ്രതികരണം. 

സമ്പര്‍ക്കവിലക്ക് ലംഘിച്ചതിനും യാത്രാവിവരം മറച്ചുവെച്ചതിനും ഐറിനക്കെതിരേ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഏകദേശം അഞ്ചു വര്‍ഷം വരെ ജയില്‍ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. ഡോക്ടര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടാല്‍ അവര്‍ക്കെതിരെയുള്ള നിയമനടപടി സ്വീകരിക്കുമെന്നും അത്രയും നിരുത്തരവാദിത്തപരമായിരുന്നു അവരുടെ പെരുമാറ്റമെന്നും റീജണല്‍ ഗവര്‍ണര്‍ വ്‌ളാഡിമിര്‍മോവ് മാധ്യമങ്ങളോട് പറഞ്ഞു. 

Content Highlights: a woman doctor was super spreader of corona virus in russia will face jail