മുംബൈ: മാട്രിമോണിയല്‍ വെബ്‌സൈറ്റുകളിലൂടെ പരിചയം സ്ഥാപിച്ച ശേഷം യുവതികളെ ലൈംഗികമായി പീഡിപ്പിച്ച 32-കാരന്‍ അറസ്റ്റില്‍. മുംബൈ മലാദില്‍ താമസിക്കുന്ന മെക്കാനിക്കല്‍ എന്‍ജിനീയറായ മഹേഷ് എന്ന കിരണ്‍ ഗുപ്തയെയാണ് നവിമുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. ഏകദേശം 12 യുവതികളെ പ്രതി ഇത്തരത്തില്‍ പീഡിപ്പിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. 

മഹേഷിനെതിരേ നേരത്ത പരാതി ലഭിച്ചിരുന്നെങ്കിലും ഇയാളെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. ഇടയ്ക്കിടെ സിം കാര്‍ഡുകള്‍ മാറ്റുന്നതും താമസം മാറ്റുന്നതുമായിരുന്നു പോലീസിനെ കുഴക്കിയിരുന്നത്. ഒടുവില്‍ നാല് മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് പോലീസ് പ്രതിയെ പിടികൂടിയത്. 

മാട്രിമോണിയല്‍ വെബ്‌സൈറ്റുകളില്‍ വ്യാജ പ്രൊഫൈലുകള്‍ നിര്‍മിച്ചാണ് ഇയാള്‍ യുവതികളുമായി പരിചയം സ്ഥാപിക്കുന്നത്. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ള ഉന്നത കുടുംബങ്ങളില്‍പ്പെട്ട യുവതികളെ മാത്രമാണ് ബന്ധപ്പെടാറുള്ളത്. തുടര്‍ന്ന് ഇവരുടെ ഫോണ്‍ നമ്പര്‍ കരസ്ഥമാക്കി ബന്ധം തുടരും. പിന്നീട് നഗരത്തിലെ പബ്ബുകളിലേക്കോ റെസ്‌റ്റോറന്റുകളിലേക്കോ ക്ഷണിക്കും. ഈ കൂടിക്കാഴ്ചയ്ക്കിടെയാണ് പ്രതി യുവതികളെ ലൈംഗികമായി ഉപദ്രവിച്ചിരുന്നത്. 

പീഡനത്തിന് ശേഷം മൊബൈല്‍ നമ്പറടക്കം മാറ്റുന്നതിനാല്‍ യുവതികള്‍ക്ക് പിന്നീട് ഇയാളെ കണ്ടെത്താന്‍ പോലും കഴിയില്ല. ഓരോ യുവതികളെ പീഡിപ്പിച്ചതിന് ശേഷവും മൊബൈല്‍ നമ്പര്‍ മാറ്റുന്നതായിരുന്നു പതിവ്. മാത്രമല്ല, ഈ സിം കാര്‍ഡുകള്‍ മറ്റൊരാളുടെ പേരിലുള്ളതുമാകും. ഇതാണ് കുറ്റകൃത്യത്തിന് ശേഷം പ്രതിക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കിയിരുന്നത്. 

രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിലാണ് പ്രതി പഠനം പൂര്‍ത്തീകരിച്ചത്. ഹാക്കിങ് ഉള്‍പ്പെടെ അറിയാവുന്ന പ്രതി പല വന്‍കിട കമ്പനികളിലും ജോലിചെയ്തിരുന്നു. നിലവില്‍ 12 യുവതികളെ ഇയാള്‍ പീഡിപ്പിച്ചെന്ന വിവരമാണ് ലഭിച്ചിട്ടുള്ളതെങ്കിലും കൂടുതല്‍ പേര്‍ ഇയാളുടെ പീഡനത്തിനിരയായിട്ടുണ്ടെന്നാണ് പോലീസ് കരുതുന്നത്. കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ നാല് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. 

Content Highlights: a mechanical engineer arrested in mumbai for sexually assaulting 12 women