ഭോപ്പാല്‍:  മധ്യപ്രദേശിലെ ഇന്ദോറില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ മയക്കുമരുന്ന് നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന് പരാതി. ഇന്ദോര്‍ സ്വദേശിയായ 18 വയസ്സുകാരിയാണ് ബലാത്സംഗത്തിനിരയായത്. സംഭവത്തില്‍ വിദ്യാര്‍ഥിനിയുടെ നാല് സുഹൃത്തുക്കള്‍ക്കെതിരേ കേസെടുത്തിട്ടുണ്ടെന്നും ഇവരിലൊരാള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണെന്നും പോലീസ് പറഞ്ഞു. 

സുഹൃത്തുക്കള്‍ക്കൊപ്പം മാണ്ഡവിലേക്ക് വിനോദയാത്ര പോയതായിരുന്നു പെണ്‍കുട്ടി. ഇവിടെവെച്ച് സംഘത്തിലൊരാള്‍ മയക്കുമരുന്ന് കലര്‍ത്തിയ ശീതളപാനീയം കുടിക്കാന്‍ നല്‍കി. ബോധരഹിതയായ പെണ്‍കുട്ടിയെ പിന്നീട് ആളൊഴിഞ്ഞ കെട്ടിടത്തിലേക്ക് കൊണ്ടുപോവുകയും ഇവിടെവെച്ച് സംഘത്തിലെ മൂന്ന് യുവാക്കൾ ബലാത്സംഗം ചെയ്യുകയുമായിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം ബോധം വീണ്ടെടുത്തതോടെ പെണ്‍കുട്ടി ഇവിടെനിന്ന് രക്ഷപ്പെട്ടു. ഒരു വഴിയാത്രക്കാരന്റെ ഫോണ്‍ വാങ്ങി മാതാപിതാക്കളെ വിവരമറിയിച്ചു. തുടര്‍ന്ന് മാതാപിതാക്കളെത്തിയാണ് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയത്. ഇതിനുപിന്നാലെ ഇവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

പെണ്‍കുട്ടിയുടെ പരാതിയില്‍ നാലുപേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നതെന്ന് ഇന്ദോര്‍ പോലീസ് സൂപ്രണ്ട് അശുതോഷ് ഭാഗ്രി മാധ്യമങ്ങളോട് പറഞ്ഞു. റിതേഷ്, ആശിഷ്, നിപുല്‍ എന്നിവര്‍ക്കെതിരേയും പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്. ഇവരില്‍ രണ്ടുപേര്‍ അന്യസംസ്ഥാനങ്ങളില്‍നിന്നുള്ളവരാണെന്നും പ്രതികളെ പിടികൂടാന്‍ വിവിധ അന്വേഷണസംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. 

മകള്‍ വിളിച്ചുപറഞ്ഞതോടെയാണ് തങ്ങള്‍ വിവരമറിഞ്ഞതെന്നും ഉടന്‍തന്നെ സ്ഥലത്തെത്തി മകളെ കൂട്ടിക്കൊണ്ടുവന്നെന്നും പ്ലസ്ടു വിദ്യാര്‍ഥിനിയുടെ മാതാപിതാക്കളും പറഞ്ഞു. പ്രതികള്‍ക്കെതിരേ കര്‍ശന നിയമനടപടി സ്വീകരിക്കണമെന്നം ഇവര്‍ ആവശ്യപ്പെട്ടു. അതിനിടെ, പ്രതിപട്ടികയിലുള്ള പെണ്‍കുട്ടിയെ മാത്രമാണ് പ്ലസ്ടു വിദ്യാര്‍ഥിനിക്ക് പരിചയമുണ്ടായിരുന്നതെന്നും വിവരങ്ങളുണ്ട്. പ്ലസ്ടു വിദ്യാര്‍ഥിനിയും ഈ പെണ്‍കുട്ടിയും സുഹൃത്തുക്കളായിരുന്നു. ഈ പെണ്‍കുട്ടിയുടെ കാമുകനും ഇയാളുടെ മറ്റുരണ്ട് സുഹൃത്തുക്കളുമാണ് സംഘത്തിലുണ്ടായിരുന്നതെന്നും വിദ്യാര്‍ഥിനിയുടെ ബന്ധുക്കള്‍ പറഞ്ഞു. 

Content Highlights: a girl plustwo student gang raped by friends in indore madhya pradesh