ന്യൂഡൽഹി: പെൺകുട്ടിയെ ക്രൂരമായി മർദിക്കുന്ന വീഡിയോയിലുള്ള അഞ്ചംഗ സംഘത്തെ തേടി അസം പോലീസ്. പെൺകുട്ടിയെ ഉപദ്രവിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. വീഡിയോയിലുള്ള അഞ്ചു പേരുടെയും ചിത്രങ്ങൾ അസം പോലീസ് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.

സംഭവം അസമിലാണ് നടന്നതെന്ന നിഗമനത്തെ തുടർന്നാണ് അസം പോലീസ് ജനങ്ങളുടെ സഹായം തേടിയിരിക്കുന്നത്. ഇവരെക്കുറിച്ച് അറിയാവുന്നവർ വിവരം കൈമാറണമെന്നാണ് പോലീസിന്റെ അറിയിപ്പ്. പ്രതികളെക്കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.

വടക്കു കിഴക്കൻ സ്വദേശിയെന്ന് കരുതുന്ന പെൺകുട്ടിയെ അഞ്ചംഗസംഘം മർദിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസങ്ങളിലാണ് വ്യാപകമായി പ്രചരിച്ചത്. ഒരു മുറിക്കുള്ളിൽവെച്ച് പെൺകുട്ടിയെ ഇവർ ക്രൂരമായി മർദിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പെൺകുട്ടിയുടെ വായിൽ തുണി തിരുകി നിരന്തരം മുഖത്തടിക്കുന്നതും മുടിയിൽ പിടിച്ചുവലിച്ച് മർദിക്കുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു. ഒരു യുവതിയും നാല് യുവാക്കളുമാണ് പെൺകുട്ടിയെ ക്രൂരമായി ആക്രമിച്ചത്. ഇവരുടെ ചിത്രങ്ങളാണ് ഇപ്പോൾ പോലീസ് പുറത്തുവിട്ടിരിക്കുന്നത്.

വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ടെങ്കിലും സംഭവം എവിടെ നടന്നതാണെന്നോ ദൃശ്യങ്ങളിലുള്ളത് ആരാണെന്നോ വ്യക്തമല്ല. അസമിലാണ് സംഭവമുണ്ടായതെന്നത് നിഗമനം മാത്രമാണ്.

അതിനിടെ, കഴിഞ്ഞ ദിവസം ജോധ്പുരിൽ ജീവനൊടുക്കിയ നാഗാലാൻഡ് സ്വദേശിയായ പെൺകുട്ടിയാണ് വീഡിയോയിലുള്ളതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, ഡൽഹി പോലീസും ജോധ്പുർ പോലീസും ഇക്കാര്യം നിഷേധിച്ചു. മർദനത്തിനിരയായത് നാഗാലാൻഡ് സ്വദേശിയല്ലെന്നും അത്തരത്തിലുള്ള പ്രചരണം തെറ്റാണെന്നും ഡൽഹി പോലീസ് സ്പെഷ്യൽ കമ്മീഷണർ റോബിൻ ഹിബു പറഞ്ഞു. പ്രതികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ജോധ്പുരിലെ ആത്മഹത്യയുമായി ഈ വീഡിയോയ്ക്ക് ബന്ധമില്ലെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജ്ജുവും ട്വീറ്റ് ചെയ്തു. ജോധ്പുർ കമ്മീഷണറുമായി സംസാരിച്ച് ഇക്കാര്യം സ്ഥിരീകരിച്ചെന്നും അദ്ദേഹം അറിയിച്ചു.

 

Content Highlights:a girl brutally thrashed by five assam police searching for culprits after video goes viral