ഭോപ്പാൽ: മധ്യപ്രദേശിലെ ഖർഗാപുരിൽ അഞ്ചംഗ കുടുംബത്തെ ദുരൂഹസാഹചര്യത്തിൽ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. റിട്ട. സർക്കാർ ഉദ്യോഗസ്ഥനായ ധർമദാസ് സോണി(62) ഭാര്യ പൂന(55) മകൻ മനോഹർ(27) ഭാര്യ സോനം(25) ഇവരുടെ മകനായ നാലുവയസ്സുകാരൻ എന്നിവരാണ് മരിച്ചത്. സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും ദുരൂഹതകൾ നിലനിൽക്കുന്നതായി പോലീസ് പറഞ്ഞു.

ധർമദാസിനെയും കുടുംബത്തെയും ഏറെനേരമായിട്ടും പുറത്തുകാണാത്തതിനാൽ അയൽക്കാരാണ് പോലീസിൽ വിവരമറിയിച്ചത്. തുടർന്ന് പോലീസെത്തി അകത്തുനിന്ന് കുറ്റിയിട്ടിരുന്ന വാതിൽ തകർത്ത് വീട്ടിൽ കയറുകയായിരുന്നു. അഞ്ച് പേരുടെയും മൃതദേഹങ്ങൾ ഒരേസ്ഥലത്താണ് കിടന്നിരുന്നത്. അതേസമയം, കുട്ടിയുടെയും യുവതിയുടെയും മൃതദേഹങ്ങളിൽ മുറിവേറ്റ പാടുകളുണ്ടായിരുന്നു. മനോഹറിന്റെ വസ്ത്രത്തിൽ രക്തക്കറയും കണ്ടു. ഇതാണ് സംശയങ്ങൾക്ക് കാരണമായത്.

ഫൊറൻസിക് വിദഗ്ധർ സംഭവസ്ഥലം പരിശോധിച്ച് സാമ്പിളുകൾ പരിശോധിച്ചതായി പോലീസ് സൂപ്രണ്ട് അറിയിച്ചു. പോസ്റ്റുമോർട്ടത്തിനായി അഞ്ച് ഡോക്ടർമാരടങ്ങുന്ന സമിതി രൂപീകരിച്ചതായും വിശദമായ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlights:a family of five found dead in their home in madhya pradesh