വിഴിഞ്ഞം: അടിമലത്തുറ കടല്‍ത്തീരത്ത് വളര്‍ത്തുനായയെ ചൂണ്ടയില്‍ കൊളുത്തി കെട്ടിയിട്ടശേഷം അടിച്ചുകൊന്നു. ചത്തുപോയ നായയെ കെട്ടിവലിച്ച് കടലില്‍ താഴ്ത്തി. സംഭവവുമായി ബന്ധപ്പെട്ട് വിഴിഞ്ഞം പോലീസ് മൂന്നുപേരെ അറസ്റ്റ് ചെയ്തു.

അടിമലത്തുറ സ്വദേശികളായ സുനില്‍ (22), സില്‍വസ്റ്റര്‍ (20) എന്നിവരെയും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന 17-കാരനെയുമാണ് വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തത്.

അയല്‍വാസിയായ അടിമലത്തുറ സ്വദേശി സോണിയുടെ വീട്ടിലെ ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട ബ്രൂണ എന്ന നായയെയാണ് തിങ്കളാഴ്ച രാവിലെ ഇവര്‍ ക്രൂരമായി കൊന്നത്. സോണിയുടെ സഹോദരന്‍ ക്രിസ്തുരാജാണ് നായയെ പരിപാലിക്കുന്നത്.

മീന്‍പിടിത്തത്തൊഴിലാളിയായ സുനിലിന്റെ, കടല്‍ത്തീരത്ത് വച്ചിരിക്കുന്ന വള്ളത്തിനടിയിലാണ് പലപ്പോഴും നായ കിടക്കുന്നത്. നായ ഇവിടെ കിടക്കുന്നതിനെച്ചൊല്ലി സുനില്‍ സോണിയുടെ വീട്ടുകാരോട് വഴക്കുണ്ടാക്കുമായിരുന്നു.

ഒരാഴ്ചമുമ്പ് നായ വള്ളത്തിനടിയില്‍ കിടന്നപ്പോള്‍ സുനില്‍ സോണിയുടെ വീട്ടിലെത്തി വഴക്കുണ്ടാക്കിയശേഷം സ്രാവിനെ പിടിക്കുന്ന വലിയ ചൂണ്ടയുപയോഗിച്ച് നായയെ കൊളുത്തി വലിച്ചിഴച്ച് കൊണ്ടുപോയിരുന്നു. നാട്ടുകാര്‍ ഇടപെട്ടപ്പോഴാണ് ചൂണ്ടയിളക്കി നായയെ വിട്ടത്. ഇതേത്തുടര്‍ന്ന് നായയ്ക്ക് വലിയ മുറിവുപറ്റി.

തിങ്കളാഴ്ച വീട്ടുകാര്‍ പുറത്തുപോയപ്പോള്‍ നായ കെട്ടഴിച്ചോടി സുനിലിന്റെ വള്ളത്തിനടിയില്‍പ്പോയി കിടന്നു. ഇതുകണ്ട സുനിലും സംഘവും നായയെ വലിയ ചൂണ്ടയുപയോഗിച്ച് നെഞ്ചില്‍ കൊളുത്തി വള്ളത്തില്‍ കെട്ടിത്തൂക്കിയിട്ട് അടിച്ചുകൊന്നു. തുടര്‍ന്ന് ചൂണ്ടയോടെ നായയെ വലിച്ചിഴച്ച് കടലില്‍ താഴ്ത്തിയെന്ന് ഇവര്‍ പോലീസിന് മൊഴി നല്‍കി. നായയുടെ ജഡം ഇതുവരെയും കിട്ടിയില്ലെന്ന് പോലീസ് പറഞ്ഞു.

സംഘത്തിലുണ്ടായിരുന്ന 17-കാരന്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പ്രചരിച്ചതിനെത്തുടര്‍ന്നാണ് സംഭവം വിഴിഞ്ഞം പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് വിഴിഞ്ഞം ഇന്‍സ്പെക്ടര്‍ ജി.രമേശ്, എസ്.ഐ. സി.ബി. രാജേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അടിമലത്തുറയില്‍ നിന്ന് മൂന്നംഗ സംഘത്തെ അറസ്റ്റുചെയ്തു. ഇവര്‍ക്കെതിരേ മൃഗങ്ങള്‍ക്കെതിരേ നടത്തുന്ന ക്രൂരതയ്ക്കെതിരേ വിഴിഞ്ഞം പോലീസ് കേസെടുത്തു.

Content Highlights: a dog brutally killed in vizhinjam three arrested