ന്യൂഡല്‍ഹി: വ്യാജ നഗ്നചിത്രങ്ങള്‍ നിര്‍മിച്ച് സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. ഡല്‍ഹിയില്‍ ഇവന്റ് മാനേജരായി ജോലിചെയ്യുന്ന ഭരത് ഖട്ടാറിനെ (25) യാണ് ഡല്‍ഹി പോലീസ് കഴിഞ്ഞദിവസം പിടികൂടിയത്. സാമൂഹികമാധ്യമങ്ങളിലൂടെ സ്‌കൂള്‍ വിദ്യാര്‍ഥിനികളുമായി സൗഹൃദം സ്ഥാപിച്ച ശേഷം ഇവരുടെ വ്യാജ നഗ്നചിത്രങ്ങള്‍ നിര്‍മിച്ച് ഭീഷണിപ്പെടുത്തി വീഡിയോ കോളിന് പ്രേരിപ്പിക്കുകയായിരുന്നു പ്രതിയുടെ രീതിയെന്ന് പോലീസ് പറഞ്ഞു. നിരവധി പെണ്‍കുട്ടികള്‍ ഇയാളുടെ അതിക്രമത്തിന് ഇരയായിട്ടുള്ളതായാണ് വിവരം. 

ഡല്‍ഹി-എന്‍സിആര്‍ മേഖലയിലെ സ്വകാര്യ സ്‌കൂളുകളിലെ ഏഴ്, എട്ട് ക്ലാസുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികളെയാണ് പ്രതി വലയില്‍ കുരുക്കിയിരുന്നത്. ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സാമൂഹികമാധ്യമങ്ങളിലെ വ്യാജ പ്രൊഫൈലുകളിലൂടെ ആദ്യം ഇവരുമായി പരിചയം സ്ഥാപിക്കും. പിന്നീട് പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് വ്യാജ നഗ്നചിത്രങ്ങള്‍ നിര്‍മിക്കും. തുടര്‍ന്ന് പെണ്‍കുട്ടികളുടെ പേരില്‍ വ്യാജ അക്കൗണ്ടുകള്‍ നിര്‍മിച്ച് ഈ നഗ്നചിത്രങ്ങള്‍ അപ് ലോഡ് ചെയ്താണ് വിദ്യാര്‍ഥിനികളെ ഭീഷണിപ്പെടുത്തിയിരുന്നത്. 

ചിത്രങ്ങള്‍ ഒഴിവാക്കണമെങ്കില്‍ സെക്‌സ് ചാറ്റിങ്ങിനും വീഡിയോ കോളിനും സഹകരിക്കണമെന്നാണ് പ്രതി ആവശ്യപ്പെടുക. ഭീഷണിയും മാനഹാനിയും ഭയന്ന് മിക്കവരും ഇതില്‍ പരാതി നല്‍കാറില്ലെന്നും പോലീസ് പറഞ്ഞു. 

തന്റെ മകളുടെ പേരില്‍ വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് നിര്‍മിച്ചിട്ടുണ്ടെന്നും മകള്‍ക്ക് നിരന്തരം അശ്ലീല സന്ദേശങ്ങളും അശ്ലീല ചിത്രങ്ങളും അയക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി ഡല്‍ഹിയിലെ സ്ത്രീ പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഈ പെണ്‍കുട്ടിയുടെ സുഹൃത്തായ മറ്റൊരു വിദ്യാര്‍ഥിനിക്കും സമാന അനുഭവമുണ്ടായി. സംഭവത്തില്‍ ഭരതിന് മുന്നറിയിപ്പ് നല്‍കിയെങ്കിലും ഇയാള്‍ പിന്നീട് വ്യാജ അക്കൗണ്ടുകള്‍ നിര്‍മിച്ച് വ്യാജ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. 

ഇയാളുടെ അതിക്രമത്തിനിരയായ ഏഴ് പെണ്‍കുട്ടികളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരില്‍ രണ്ടുപേരാണ് പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് ഇയാളുടെ വ്യാജ അക്കൗണ്ടുകളുടെ വിവരങ്ങള്‍ ശേഖരിച്ച ശേഷമാണ് പ്രതിയെ പിടികൂടിയത്. ഫരീദാബാദിലെ പ്രമുഖ സ്‌കൂളില്‍നിന്ന് പാസായ പ്രതി ഡല്‍ഹി സര്‍വകലാശാലയില്‍നിന്നാണ് ബി.കോം ബിരുദം കരസ്ഥമാക്കിയത്. കഴിഞ്ഞ രണ്ടുവര്‍ഷമായി ഡല്‍ഹിയിലെ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയില്‍ മാനേജരായി ജോലിചെയ്യുകയാണ്. 

പ്രതിയുടെ കൈയില്‍നിന്ന് രണ്ട് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തതായും നേരത്തെ ഒരു പെണ്‍കുട്ടിയുടെ പേരില്‍ വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് നിര്‍മിച്ചതിന് ഇയാള്‍ക്കെതിരേ ഫരീദാബാദ് സൈബര്‍ പോലീസില്‍ കേസുണ്ടെന്നും പോലീസ് അറിയിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണ്. 

Content Highlights: a delhi based event manager arrested for threatening and creating fake nude photos of girls