ന്യൂഡല്‍ഹി: മരുമകള്‍ വീട്ടുതടങ്കലിലാക്കി പീഡിപ്പിച്ച 95 കാരിയെ ഡല്‍ഹി വനിതാ കമ്മീഷന്‍ മോചിപ്പിച്ചു. തന്റെ അമ്മയെ ഭാര്യ വീട്ടുതടങ്കലിലാക്കി പീഡിപ്പിക്കുന്നതയി ഡല്‍ഹി വനിതാ കമ്മീഷന്റെ ഹെല്‍പ് ലൈന്‍ നമ്പറിലേക്ക് ഒരാള്‍ വിളിച്ചു പറഞ്ഞു. തന്റെ അമ്മ പൂര്‍ണമായും കിടപ്പിലാണെന്നും ഭാര്യയും താനും ഭിന്നതയിലാണെന്നും  അതിനാല്‍ തന്നെ കഴിഞ്ഞ മൂന്ന് മാസമായി താന്‍ അമ്മയെ കണ്ടിട്ടെന്നും ഇയാള്‍ വനിതാ കമ്മീഷന്‍ അംഗങ്ങളോട് പറഞ്ഞു.

അമ്മയെ കാണാന്‍ ശ്രമിച്ചപ്പോഴെല്ലാം പോലീസിന്റെ സഹായം തേടിയിരുന്നതായും പോലീസ് ഒപ്പമില്ലെങ്കില്‍ ഭാര്യ തന്നെ വീടിനകത്തേക്ക് കയറാന്‍ അനുവദിക്കാറില്ലെന്നും ഇയാള്‍ വ്യക്തമാക്കി.

ഫോണിലൂടെ സഹായം അഭ്യര്‍ഥിച്ചതിന്റെ അടിസ്ഥാനത്തില്‍ മകനോടൊപ്പം സംഭവ സ്ഥലത്തെത്തിയ വനിതാ കമ്മീഷന്‍ അംഗങ്ങളെ വീടിന് അകത്തേക്ക് കയറാന്‍ യുവതി അനുവദിച്ചില്ല. 

നീണ്ട നേരത്തെ അനുരഞ്ജന ശ്രമത്തിനൊടുവില്‍ വനിതാകമ്മീഷന്‍ അംഗങ്ങളെ വീട്ടില്‍ കയറ്റാമെന്ന് യുവതി സമ്മതിച്ചു. പക്ഷേ അമ്മയെ വീട്ടില്‍ നിന്നും കൊണ്ടുപോയശേഷം പിന്നിട് ഒരിക്കലും തന്റെ ഭര്‍ത്താവ് വീട്ടിലേക്ക് മടങ്ങിവരില്ലെന്ന് കരാര്‍ എഴുതി നല്‍കണമെന്ന് യുവതി ആവശ്യപ്പെട്ടു. യുവതിയുടെ ഭര്‍ത്താവ് ഈ തീരുമാനം അംഗീകരിച്ച് കരാന്‍ എഴുതി നല്‍കിയശേഷമാണ് വനിതാ കമ്മീഷന്‍ അംഗങ്ങള്‍ക്ക് അകത്തേക്ക് പ്രവേശിക്കാനായത്.  

വീടിന്റെ അകത്ത് കടന്ന പോലീസും വനിതാ കമ്മീഷന്‍ അംഗങ്ങളും കണ്ട കാഴ്ച നടുക്കുന്നതായിരുന്നു. വളരെ അവശനിലയില്‍ വീടിന്റെ ഒഴിഞ്ഞ കോണില്‍ കാണപ്പെട്ട പ്രായമായ സ്ത്രീയുടെ ശരീരത്തില്‍ ഒരു നേര്‍ത്ത തുണി മാത്രമാണ് ഉണ്ടായിരുന്നത്.  

കിടക്കയ്ക്ക് അരികില്‍ ഒരു ബക്കറ്റ് വച്ചിരുന്നു. ഇതിലേക്ക് വിസര്‍ജ്ജ്യങ്ങള്‍ പ്രായമായ സ്ത്രീ സ്വയം നീക്കം ചെയ്യുകയായിരുന്നു പതിവ്. 

വനിതാ കമ്മീഷന്‍ അംഗങ്ങളും പോലീസും ഉടന്‍ തന്നെ ഇവരെ ആംബുലന്‍സില്‍ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. തങ്ങള്‍ കാണുമ്പോള്‍ തീര്‍ത്തും അവശനിലയിലായിരുന്നു സ്ത്രീയെന്ന് വ്യക്തമാക്കിയ വനിതാ കമ്മീഷന്‍ സമാന സാഹചര്യം നേരിടുന്ന ആര്‍ക്കും 181 എന്ന നമ്പറില്‍ വിളിച്ചു സഹായം അഭ്യര്‍ഥിക്കാമെന്നും പറഞ്ഞു.

ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം അശുപത്രിയില്‍ തുടരുകയാണ് സ്ത്രീ. പരിചരണത്തിനായി ഒപ്പം മകനും ഉണ്ട്. 

95 years old lady, Allegedly Held Captive By Daughter-In-Law, Rescued In Delhi