ഒല്ലൂര്‍: തിരഞ്ഞെടുപ്പ് സ്‌ക്വാഡ് ചമഞ്ഞ് ചരക്കുലോറി തടഞ്ഞു നിര്‍ത്തി 94 ലക്ഷം രൂപ കവര്‍ന്നതായി പരാതി. ദേശീയപാതയില്‍ കുട്ടനെല്ലൂരിന് സമീപം തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നിനായിരുന്നു സംഭവം. പണം നഷ്ടപ്പെട്ടതായി ലോറിയുടമ മുവാറ്റുപുഴ സ്വദേശി മുഹമ്മദ് നല്‍കിയ പരാതിയെ തുടര്‍ന്ന് ഒല്ലൂര്‍ പോലീസ് കേസെടുത്തു.

സംഭവത്തെപ്പറ്റി ലോറി ജീവനക്കാര്‍ പറയുന്നതിങ്ങനെ: കോയമ്പത്തൂരില്‍നിന്ന് പച്ചക്കറിയുമായി മടങ്ങുകയായിരുന്നു. ഡ്രൈവര്‍ കുമാറും സഹായി നിയാസുമാണ് വണ്ടിയിലുണ്ടായിരുന്നത്. മുതലാളിക്ക് പഴയ സ്വര്‍ണത്തിന്റെ ഇടപാടുകളുണ്ട്. തമിഴ്‌നാട്ടില്‍ കുറെ പഴയ സ്വര്‍ണം വിറ്റുകിട്ടിയ പണമാണ് ലോറിയിലുണ്ടായിരുന്നത്. ഇത് ചാക്കിലാക്കി പച്ചക്കറി ലോഡിനൊപ്പമാണ് സൂക്ഷിച്ചിരുന്നത്. ലോറി കുട്ടനെല്ലൂര്‍ കഴിഞ്ഞപ്പോള്‍, റോഡരികില്‍ കിടന്നിരുന്ന ഇന്നോവ കാര്‍ ലോറിക്കരികിലെത്തി. 'ഇലക്ഷന്‍ അര്‍ജന്റ്' എന്ന സ്റ്റിക്കര്‍ കാറില്‍ പതിച്ചിരുന്നു. കാറിലുള്ള ആറു പേര്‍ ഇറങ്ങി കൈ കാട്ടി ലോറി നിര്‍ത്തി, ജീവനക്കാരെ ലോറിയില്‍ നിന്നിറക്കി കാറില്‍ കയറ്റിക്കൊണ്ടുപോയി.

പിന്നീട് അര മണിക്കൂര്‍ കഴിഞ്ഞ് തിരികെ കൊണ്ടാക്കുകയും ചെയ്തു. സംഘം സ്ഥലം വിട്ട ശേഷം ജീവനക്കാര്‍ പിന്നില്‍ കയറി പരിശോധിച്ചപ്പോഴാണ് പണം നഷ്ടപ്പെട്ടതായി ബോധ്യപ്പെട്ടത്. പിന്നീട് ഇവര്‍ നേരെ ലോറിയുമായി മൂവാറ്റുപുഴയിലേക്ക് തിരിച്ചു. തിങ്കളാഴ്ച രാവിലെയാണ് ലോറിയുടമ പരാതിയുമായി സ്റ്റേഷനിലെത്തിയത്.

കവര്‍ച്ചയെപ്പറ്റി പോലീസിന് ചില സംശയങ്ങളുണ്ട്. ഇങ്ങനെ പണം കൊണ്ടുവരുന്നതിനെപ്പറ്റി മറ്റുലോറി ജീവനക്കാര്‍ക്കും അറിവുള്ളതായി ജീവനക്കാര്‍ സൂചിപ്പിച്ചു. സംഭവം നടന്ന സ്ഥലത്തിനടുത്ത സി.സി.ടി.വി. ക്യാമറകളില്‍ വ്യക്തമല്ലെങ്കിലും ദൃശ്യങ്ങള്‍ പതിഞ്ഞത് പോലീസ് പരിശോധിക്കുന്നുണ്ട്. ഒരു വാഹനം തടഞ്ഞു നിര്‍ത്തി ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്ന രീതിയിലല്ല മറിച്ച്, ലാഘവത്തോടെ ഇടപെടുന്ന പോലെയാണ് കാറിലെത്തിയവരുടെ സമീപനങ്ങളെന്നും പോലീസ് പറയുന്നു. മാത്രമല്ല കവര്‍ച്ച നടന്നതായറിഞ്ഞിട്ടും അടുത്ത സ്റ്റേഷനില്‍ വിവരമറിയിക്കാതെ മൂവാറ്റുപുഴ വരെ പോയി പിന്നീട് തിരിച്ചെത്തി പരാതിയുമായി സമീപിച്ചതിലെ ദുരൂഹതയെ പ്പറ്റിയും പോലീസിന് സംശയമുണ്ട്. ഒല്ലൂര്‍ എ.സി.പി. സി.എം. ദേവദാസ്, എസ്.എച്ച്.ഒ. എം. ദിനേശ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി.