കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വർണം കടത്താനുള്ള ശ്രമത്തിനിടെ എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരനടക്കം ആറുപേർ ഡി.ആർ.ഐ.യുടെ പിടിയിലായി. എയർ ഇന്ത്യ എക്സ്പ്രസ് ക്യാബിൻ ജീവനക്കാരൻ കൊല്ലം സ്വദേശി അൻസാർ സുബൈർ അഹമ്മദ്(22) ആണ് പിടിയിലായത്.

ഇയാളുടെ അരക്കെട്ടിൽ പ്രത്യേക കവറിലാക്കി കെട്ടിവെച്ചനിലയിലാണ് രണ്ടുകിലോ സ്വർണസംയുക്തം പിടിച്ചെടുത്തത്.വിമാനത്തിൽ ഒളിപ്പിച്ചുവെച്ച നിലയിൽ ഏഴു കിലോ സ്വർണസംയുക്തവും ഡി.ആർ.ഐ. സംഘം കണ്ടെടുത്തു. സ്വർണം ഏറ്റുവാങ്ങാൻ കാത്തുനിന്ന അഞ്ചുപേരെയാണ് സംഘം കസ്റ്റഡിയിലെടുത്തത്. കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ വൈദ്യ പരിശോധനക്ക് ഹാജരാക്കുന്നതിനിടെ ഇവരിലൊരാൾ ഡി.ആർ.ഐയുടെ കസ്റ്റഡിയിൽനിന്ന് ചാടിപ്പോയി. നിലമ്പൂർ നമ്പൂതിരിപൊട്ടി സ്വദേശി മൂസാൻ(32) ആണ് രക്ഷപ്പെട്ടത്.

ദുബായിൽനിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് ഐ.എക്സ്. 344 വിമാനത്തിലാണ് അൻസാർ സ്വർണക്കടത്തിന് ശ്രമിച്ചത്. ഒരുവർഷം മുൻപാണ് ഇയാൾ ക്യാബിൻക്രൂവായി ജോലിക്കുകയറിയത്. സ്വർണത്തിന് നാലുകോടിയോളം രൂപ വിലവരും.

Content Highlights:9 kg gold seized from karipur airport six arrested