മുംബൈ: പുതിയ മുംബൈ പോലീസ് കമ്മീഷണറായി ഹേമന്ത് നാഗ്രാലെ ചുമതലയേറ്റ് ഒരാഴ്ച തികയുമ്പോള്‍ മുംബൈ പോലീസില്‍ കൂട്ടസ്ഥലംമാറ്റം. ക്രൈം ബ്രാഞ്ച് യൂണിറ്റുകളിലെ 65 ഉദ്യോഗസ്ഥരടക്കം 86 പോലീസ് ഉദ്യോഗസ്ഥരെയാണ് വിവിധ പോലീസ് സ്‌റ്റേഷനുകളിലേക്കും മറ്റും സ്ഥലംമാറ്റിയത്. 

എന്‍.ഐ.എ. അറസ്റ്റ് ചെയ്ത ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ സച്ചിന്‍ വാസെയ്‌ക്കൊപ്പം ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥരടക്കം സ്ഥലംമാറ്റം കിട്ടിയവരുടെ പട്ടികയിലുണ്ട്. വാസെയുടെ സഹപ്രവര്‍ത്തകരും അസി. ഇന്‍സ്‌പെക്ടര്‍മാരുമായ റിയാസുദ്ദീന്‍ കാസിയെ ലോക്കല്‍ ആംസ് ഡിവിഷനിലേക്കും പ്രകാശ് ഹൊവാള്‍ഡിനെ മലബാര്‍ ഹില്‍ പോലീസ് സ്‌റ്റേഷനിലേക്കുമാണ് സ്ഥലംമാറ്റിയത്.

ക്രൈം ബ്രാഞ്ചില്‍ പ്രമാദമായ പല കേസുകളും അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥര്‍ക്ക് ട്രാഫിക്കിലേക്കും മറ്റും സ്റ്റേഷനുകളിലേക്കുമാണ് മാറ്റം. അസി. പോലീസ് ഇന്‍സ്‌പെക്ടര്‍ സുനില്‍ മാനെയെ മുലുന്ദ് പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. മുംബൈ അശ്ലീലചിത്ര റാക്കറ്റിനെ സംബന്ധിച്ച് അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥനായ ധീരജ് കോലിയെ ഡോങ്ഗ്രി പോലീസ് സ്‌റ്റേഷനിലേക്കാണ് മാറ്റിയത്. കാര്‍ വായ്പ തട്ടിപ്പില്‍ അന്വേഷണം നടത്തുന്ന ജഗദീഷ് സൈലിന് സ്‌പെഷ്യല്‍ ബ്രാഞ്ചിലേക്കാണ് മാറ്റം. 

മുന്‍ മുംബൈ പോലീസ് കമ്മീഷണറായ പരംബീര്‍ സിങ്ങിന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. തനിക്കെതിരേ ഗുരുതര ആരോപണമുയര്‍ന്നതിന് ശേഷം ആദ്യമായാണ് അനില്‍ ദേശ്മുഖ് മുഖ്യമന്ത്രിയെ കണ്ടത്. ഇതിനുപിന്നാലെയാണ് മുംബൈ പോലീസിലെ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലംമാറ്റി ഉത്തരവിറങ്ങിയത്.

അതിനിടെ, പോലീസുകാരുടെ കൂട്ടസ്ഥലംമാറ്റത്തെ അപലപിച്ച് ബി.ജെ.പി. രംഗത്തെത്തി. തെറ്റ് ചെയ്യാത്തവരെയാണ് സ്ഥലംമാറ്റിയതെന്നും എന്തു കൊണ്ടാണ് ആഭ്യന്തരമന്ത്രിക്കെതിരേ നടപടി സ്വീകരിക്കാത്തതെന്നും ബി.ജെ.പി. വക്താവ് ചോദിച്ചു. മന്ത്രിയെ പുറത്താക്കാതെ സര്‍ക്കാരിന് ഇതില്‍നിന്ന് രക്ഷപ്പെടാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. 

Content Highlights: 86 police officers transferred in mumbai police