തിരുവനന്തപുരം: അരുവിക്കരയിൽ 72 വയസ്സുകാരിയെ മദ്യലഹരിയിൽ മകൻ മർദിച്ച് കൊലപ്പെടുത്തി. അരുവിക്കര കച്ചാണിയിൽ താമസിക്കുന്ന നന്ദിനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ ഷിബു(48)വിനെ അരുവിക്കര പോലീസ് അറസ്റ്റ് ചെയ്തു.
ഡിസംബർ 24-ന് രാത്രി 11.30-ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം. മർദനമേറ്റ് അമ്മ കൊല്ലപ്പെട്ടതോടെ ഷിബു തന്നെയാണ് അമ്മ മരിച്ചെന്ന വിവരം പോലീസിൽ അറിയിച്ചത്. തുടർന്ന് പോലീസെത്തി പരിശോധിച്ചപ്പോൾ നന്ദിനിയുടെ മുഖത്ത് മർദനമേറ്റ പാടുകൾ കണ്ടെത്തി. പോസ്റ്റുമോർട്ടം റിപ്പോർട്ടിലും മർദനമേറ്റതാണ് മരണകാരണമെന്ന് വ്യക്തമായതോടെ ഷിബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
മാനസികാസ്വാസ്ഥ്യമുള്ള ഷിബു നേരത്തെ പട്ടാളത്തിലായിരുന്നു. ദിവസവും മദ്യപിച്ച് വരുന്നത് അമ്മ ചോദ്യംചെയ്തതാണ് മർദിക്കാൻ കാരണമായതെന്നാണ് ഇയാൾ പോലീസിന് നൽകിയ മൊഴി. 14 വർഷം സൈന്യത്തിൽ ജോലിചെയ്ത ഷിബു ചില കേസുകൾ കാരണം നാട്ടിലേക്ക് വന്നെന്നാണ് വിവരം. ഷിബുവും അമ്മയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഭാര്യ നേരത്തെ തന്നെ ഇയാളെ ഉപേക്ഷിച്ചുപോയിരുന്നു. പ്രതിയെ ഞായറാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
Content Highlights:72 year old woman killed in aruvikkara son arrested