പൂണെ:  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ നഗ്നതാപ്രദര്‍ശനം നടത്തിയ 68-കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പൂണെയിലെ 13 വയസുകാരിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് കുട്ടിയുടെ ട്യൂഷന്‍ അധ്യാപികയുടെ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തത്. 

സെപ്റ്റംബര്‍ 25 മുതല്‍ 27 വരെയുള്ള ദിവസങ്ങളിലാണ് പെണ്‍കുട്ടിക്ക് നേരെ ഇയാള്‍ നഗ്നതാപ്രദര്‍ശനം നടത്തുകയും മോശമായരീതിയില്‍ സ്പര്‍ശിക്കുകയും ചെയ്തത്. 

പ്രതിയുടെ മകള്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി വീട്ടില്‍ ട്യൂഷന്‍ ക്ലാസ് നടത്തുന്നുണ്ട്. 13 വയസുകാരിയായ പെണ്‍കുട്ടിയും ട്യൂഷനായി വീട്ടിലെത്തിയിരുന്നു. സെപ്റ്റംബര്‍ 25ന് വീടിന്റെ ടെറസില്‍ സൂക്ഷിച്ചിരുന്ന ബാഗില്‍നിന്ന് പുസ്തകം എടുക്കാന്‍ പോയസമയത്താണ് 68-കാരന്‍ ആദ്യമായി നഗ്നതാപ്രദര്‍ശനം നടത്തിയത്. പെണ്‍കുട്ടിയുടെ പിന്നാലെയെത്തിയായിരുന്നു ഇയാളുടെ അതിക്രമം. 

സംഭവത്തിനുശേഷം ഭയന്ന പെണ്‍കുട്ടി ഇതേക്കുറിച്ച് മാതാപിതാക്കളോടും പറഞ്ഞില്ല. എന്നാല്‍ തൊട്ടടുത്ത ദിവസങ്ങളിലും ഇത് ആവര്‍ത്തിച്ചതോടെ പെണ്‍കുട്ടി മാതാപിതാക്കളോട് എല്ലാം വെളിപ്പെടുത്തുകയായിരുന്നു.