ലണ്ടൻ: ബ്രിട്ടനിലെ കേംബ്രിഡ്ജ്ഷെയറിൽ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യയും കാമുകനും കുറ്റക്കാരാണെന്ന് കോടതി. 64-കാരനായ നിഗേൽ റൈറ്റിനെ കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ മെലാനി റൈറ്റ്(48) കാമുകനായ ബാരി ചാപ്മാൻ(34) എന്നിവർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. ഇരുവർക്കുമുള്ള ശിക്ഷ ഡിസംബർ രണ്ടാം വാരം വിധിക്കും.
മെയ് 25-ന് തന്റെ 64-ാം ജന്മദിനത്തിലാണ് നിഗേൽ റൈറ്റ് അതിദാരുണമായി കൊല്ലപ്പെട്ടത്. വീട്ടിലെ സ്വീകരണമുറിയിൽവെച്ച് ഭാര്യയും കാമുകനും ചേർന്നാണ് ഇയാളെ കൊലപ്പെടുത്തിയത്. വീട്ടിൽനിന്ന് വഴക്കും ബഹളവും കേട്ടതിനെ തുടർന്ന് അയൽക്കാരാണ് പോലീസിൽ വിവരമറിയിച്ചത്. പോലീസ് വീട്ടിലെത്തിയപ്പോൾ ഒന്നും സംഭവിക്കാത്ത മട്ടിലായിരുന്നു മെലാനിയുടെയും കാമുകന്റെയും പ്രതികരണം. തങ്ങൾ രണ്ടുപേരുമല്ലാതെ മറ്റാരും വീട്ടിൽ ഇല്ലെന്നും ഇവർ പോലീസിനോട് പറഞ്ഞു. എന്നാൽ പോലീസ് വീട് പരിശോധിച്ചതോടെ ചോരയൊലിച്ചനിലയിൽ 64-കാരനെ കണ്ടെത്തുകയായിരുന്നു.
അതിക്രൂരമായ മർദനമേറ്റാണ് നിഗേൽ റൈറ്റ് കൊല്ലപ്പെട്ടതെന്നായിരുന്നു പ്രോസിക്യൂട്ടർ കോടതിയിൽ വ്യക്തമാക്കിയത്. 64-കാരനെ കൊലപ്പെടുത്തിയതിന് പിന്നാലെ ഭാര്യയും കാമുകനും ലൈംഗികബന്ധത്തിലേർപ്പെട്ടെന്നും പ്രോസിക്യൂട്ടർ കോടതിയിൽ പറഞ്ഞു. എന്നാൽ കൃത്യത്തിൽ തനിക്ക് പങ്കില്ലെന്നായിരുന്നു മെലാനി റൈറ്റിന്റെ വാദം. ഭർത്താവും കാമുകനും തമ്മിൽ വഴക്കുണ്ടായതിന് പിന്നാലെ കാമുകൻ ഭർത്താവിനെ ക്രൂരമായി മർദിച്ചെന്നും ഇത് തടയാൻ ശ്രമിച്ചപ്പോൾ തനിക്കും മർദനമേറ്റെന്നും 48-കാരി കോടതിയിൽ പറഞ്ഞു.
Content Highlights:64 year old killed by wife and lover