തിരുവനന്തപുരം: കടലാസിന്റെ രൂപത്തിലാക്കി കടത്താന്‍ ശ്രമിച്ച സ്വര്‍ണവുമായി വിമാനയാത്രക്കാരന്‍ പിടിയില്‍. ബാഗിലൊളിപ്പിച്ചിരുന്ന 600 ഗ്രാം സ്വര്‍ണക്കടലാസുമായി കാസര്‍കോട് സ്വദേശിയാണ് കസ്റ്റംസിന്റെ എയര്‍ഇന്റലിജന്‍സ് യൂണിറ്റിന്റെ പിടിയിലായത്.

പിടിച്ചെടുത്ത സ്വര്‍ണത്തിന്റെ വില 20 ലക്ഷത്തിന് താഴെയായതിനാല്‍ കസ്റ്റംസ് കേസെടുക്കാതെ ഇയാളെ വിട്ടയച്ചു. കണ്ടുകെട്ടിയ സ്വര്‍ണം കസ്റ്റംസിന്റെ വെയര്‍ഹൗസിലേക്ക് മാറ്റി.

തിങ്കളാഴ്ച പുലര്‍ച്ചെ ദുബായില്‍ നിന്നെത്തിയ എമിറേറ്റ് വിമാനത്തിലെ യാത്രക്കാരനായ ഇയാളുടെ ബാഗ് എക്സ്റേ പരിശോധയ്ക്ക് വിധേയമാക്കിയെങ്കിലും ആദ്യം സ്വര്‍ണം കണ്ടെത്താനായിരുന്നില്ല. സംശയത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ബാഗിന്റെ ഉള്ളിലെ അറയില്‍നിന്ന് പേപ്പര്‍ രൂപത്തിലുള്ള സ്വര്‍ണം കണ്ടെത്തുകയായിരുന്നു.

കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണര്‍ കൃഷ്ണേന്ദു രാജ മിന്റു, എയര്‍ഇന്റലിജന്‍സ് ഉദ്യോഗസ്ഥരായ ജയരാജ്, സൂപ്രണ്ട് ജോസഫ്, ഇന്‍സ്പെക്ടര്‍ സോനു തുടങ്ങിയവരാണ് ഇയാളെ പിടികൂടി പരിശോധിച്ചത്.

Content Highlight: 600 gram gold seized in from airport