പൂണെ: ഓണ്‍ലൈന്‍ സുഹൃത്തിന്റെ തട്ടിപ്പിലൂടെ പൂണെയിലെ 60-കാരിക്ക് നഷ്ടമായത് കോടിക്കണക്കിന് രൂപ. പൂണെയിലെ സ്വകാര്യ കമ്പനിയില്‍ സീനിയര്‍ എക്‌സിക്യൂട്ടിവായ സ്ത്രീയാണ് 3.98 കോടി രൂപ തട്ടിയെടുത്തെന്ന് ആരോപിച്ച് സൈബര്‍ പോലീസില്‍ പരാതി നല്‍കിയത്. 2020 സെപ്റ്റംബര്‍ മുതല്‍ വിവിധഘട്ടങ്ങളിലായാണ് സ്ത്രീയില്‍നിന്ന് പണം തട്ടിയത്. 

സാമൂഹികമാധ്യമത്തിലൂടെ ഒരാളെ പരിചയപ്പെട്ടതിലൂടെയാണ് സ്ത്രീ തട്ടിപ്പ് സംഘത്തിന്റെ വലയില്‍വീണതെന്ന് പോലീസ് പറഞ്ഞു. 2020 ഏപ്രിലിലാണ് ബ്രിട്ടനില്‍നിന്നാണെന്ന് പരിചയപ്പെടുത്തിയ ഒരാള്‍ സ്ത്രീയ്ക്ക് ഫ്രണ്ട് റിക്വസ്റ്റ് അയച്ചത്. ഈ റിക്വസ്റ്റ് സ്വീകരിച്ച സ്ത്രീ ഇയാളുമായി നിരന്തരം ചാറ്റ് ചെയ്യുകയും സംസാരിക്കുകയും ചെയ്തു. അഞ്ച് മാസത്തോളം നീണ്ട പരിചയത്തിനൊടുവില്‍ ഇയാള്‍ സ്ത്രീയുടെ വിശ്വാസം നേടിയെടുത്തു. ഇതിനൊടുവിലാണ് തട്ടിപ്പിലേക്ക് കടന്നത്. 

60-കാരിക്ക് ജന്മദിന സമ്മാനമായി ബ്രിട്ടനില്‍നിന്ന് ഒരു ഐഫോണ്‍ അയച്ചിട്ടുണ്ടെന്ന് സുഹൃത്ത് പറഞ്ഞു. പിന്നാലെ ഡല്‍ഹി വിമാനത്താവളത്തില്‍ കസ്റ്റംസ് ക്ലിയറന്‍സിനായി പണം വേണമെന്ന് ആവശ്യപ്പെട്ട ഇയാള്‍ വന്‍തുക സ്ത്രീയില്‍നിന്ന് തട്ടിയെടുത്തു. ഇതിനുശേഷം കൊറിയര്‍ ഏജന്റുമാരെന്നും കസ്റ്റംസ് ഉദ്യോഗസ്ഥരെന്നും പരിചയപ്പെടുത്തി വിളിച്ചവരും സ്ത്രീയില്‍നിന്ന് പണംതട്ടി. ബ്രിട്ടനില്‍നിന്നുള്ള കൊറിയറില്‍ മൊബൈല്‍ മാത്രമല്ലെന്നും സ്വര്‍ണാഭരണങ്ങളും വിദേശ കറന്‍സിയും ഉണ്ടെന്നും അതിനാല്‍ കൂടുതല്‍ പണം കസ്റ്റംസ് ഡ്യൂട്ടി അടയ്ക്കണമെന്നുമാണ് തട്ടിപ്പുകാര്‍ ആവശ്യപ്പെട്ടത്. ഇതനുസരിച്ച് 2020 സെപ്റ്റംബര്‍ മുതല്‍ ഏകദേശം 3.98 കോടി രൂപയാണ് വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് സ്ത്രീ അയച്ചുനല്‍കിയത്. വീണ്ടും പണം ആവശ്യപ്പെട്ട് ഫോണ്‍വിളികള്‍ വന്നതോടെയാണ് സംഭവത്തില്‍ സംശയം തോന്നിയത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. 

Content Highlights: 60 year old woman loses 3.98 crore by online fraudster in pune