കൊല്ലം: എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ 60- കാരന്‍ അറസ്റ്റില്‍. കൊല്ലം കടയ്ക്കലിലാണ് സംഭവം. കോട്ടുക്കല്‍ സ്വദേശി മണിരാജനാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ നിലവിളി കേട്ട് 13 വയസ്സുള്ള സഹോദരന്‍ ഓടിയെത്തിയതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്.

സംഭവം നടക്കുമ്പോള്‍ കുട്ടികളുടെ അമ്മ വീട്ടിലുണ്ടായിരുന്നില്ല. ഈ സമയത്ത് അവിടെ എത്തിയ മണിരാജന്‍ മിഠായി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. സമീപത്ത് നിര്‍മാണത്തിലിരുന്ന ഒരു കെട്ടിടത്തില്‍ കൊണ്ടുപോയാണ് പീഡിപ്പിച്ചത്. കുട്ടിയുടെ നിലവിളികേട്ട സഹോദരന്‍ ഇവിടേക്ക് ഓടിയെത്തി.

പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് സഹോദരന്‍ ബഹളമുണ്ടാക്കി ആളെക്കൂട്ടിയെങ്കിലും അപ്പോഴേക്കും പ്രതി അവിടെനിന്നും ഓടി രക്ഷപ്പെട്ടു. പിന്നീട് വീട്ടുകാര്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. ഇതോടെ പ്രതി മണിരാജനെ ഇയാളുടെ വീടിന് സമീപത്തുനിന്ന് അറസ്റ്റുചെയ്തു.

അറസ്റ്റിലായ മണിരാജനെതിരേ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു. വൈദ്യ പരിശോധനയ്ക്ക് ശേഷം കടയക്കല്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ് പെണ്‍കുട്ടി ഇപ്പോള്‍.

Content Highlights: 60 year old arrested in child rape case