മൗ(ഉത്തര്‍പ്രദേശ്): പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ ഉത്തര്‍പ്രദേശില്‍ ആറ് യുവാക്കള്‍ക്കെതിരെ കേസ്. മൗ ജില്ലയിലെ  മധുബന്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.

രാവിലെ ഒന്‍പത് മണിക്ക് പുറത്തുപോയ പെണ്‍കുട്ടി വൈകുന്നേരവും  വീട്ടില്‍ തിരിച്ചത്തിയില്ല. ഏകദേശം പത്ത് മണിയ്ക്ക് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് ഒരു ഫോണ്‍ കോള്‍ വന്നു. പെണ്‍കുട്ടിയെ ആറ് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തശേഷം ഉപേക്ഷിച്ച് പോയെന്നായിരുന്നു ഫോണ്‍ സന്ദേശം. ഇതോടെ ബന്ധുക്കള്‍ സംഭവ സ്ഥലത്തെത്തി പെണ്‍കുട്ടിയെ കണ്ടെത്തുകയും വീട്ടിലേക്ക് കൂട്ടികൊണ്ടുപോരുകയുമായിരുന്നു. അബോധാവസ്ഥയിലായിരുന്ന പെണ്‍കുട്ടി ബോധം വന്നശേഷം നടന്ന സംഭവങ്ങളെക്കുറിച്ച് ബന്ധുക്കളോട് വിവരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. 

ചികിത്സയ്ക്കായി പെണ്‍കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിരിച്ചറിയാവുന്ന നാലുപേര്‍ ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രധാന പ്രതിയെന്ന് സംശയിക്കുന്നയാളെയും മറ്റ് രണ്ടുപേരെയും കസ്റ്റഡിയിലെടുത്ത് പോലീസ് ചോദ്യം ചെയ്തുവരികയാണ്.

Content Highlight: 6 booked for gang raping Class 10 student In UP