കൊല്ലം: അഭയകേന്ദ്രത്തിന്റെ പിരിവനെത്തിയ 52കാരന്‍ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു. കൊല്ലം ശാസ്താംകോട്ടയിലാണ് സംഭവം.തേവലക്കര മൊട്ടക്കല്‍ സ്വദേശി അബ്ദുല്‍ വഹാബിനെ ശാസ്താംകോട്ട പോലീസ് പിടികൂടി. ബുധനാഴ്ച ഉച്ചയോടെ തേവലക്കരയിലെ ഒരു അഭയകേന്ദ്രത്തിന്റെ രസീതുമായി ധനസമാഹരണത്തിന് കുട്ടിയുടെ വീട്ടിലെത്തിയതായിരുന്നു വഹാബ്. മഴയായതോടെ വീടിന്റെ വരാന്തയില്‍ നിന്നു. പെണ്‍കുട്ടിയും അനുജനും ഈ സമയം ടി.വി.കാണുകയായിരുന്നു. 

അച്ഛന്‍ അസുഖത്തിന് മരുന്നുകഴിച്ചതിനാല്‍ മയക്കത്തിലായിരുന്നു. മഴ തോരാതായതോടെ കൈവശമുണ്ടായിരുന്ന ഭക്ഷണം കഴിക്കുന്നതിന് ഇയാള്‍ വീടിനകത്തേക്കു കയറി. അതിനുശേഷം ടെലിവിഷന്‍ കാണണമെന്നുപറഞ്ഞ് അബ്ദുല്‍ വഹാബ് കുട്ടികള്‍ക്കൊപ്പമിരുന്നു. ഇതിനിടയിലാണ് കുട്ടിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയത്.

വൈകുന്നേരമായതോടെ അസ്വാസ്ഥ്യം പ്രകടിപ്പിച്ച കുട്ടിയെ വീട്ടുകാര്‍ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെത്തിച്ചു. സംശയംതോന്നിയ ഡോക്ടര്‍ വിവരങ്ങള്‍ ആരാഞ്ഞപ്പോഴാണ് കുട്ടി പീഡനവിവരം പറഞ്ഞത്. ഡോക്ടറാണ് ശാസ്താംകോട്ട പോലീസില്‍ അറിയിച്ചത്. തുടര്‍ന്ന് എസ്.എച്ച്.ഒ. എ.അനൂപിന്റെ നേതൃത്വത്തില്‍ വഹാബിനെ വീട്ടില്‍നിന്നു കസ്റ്റഡിയിലെടുത്തു. ഇയാള്‍ കുട്ടിയുടെ വീട്ടില്‍ നല്‍കിയ രസീതും നോട്ടീസുമാണ് വേഗം പ്രതിയെ കണ്ടെത്തുന്നതിന് സഹായകമായത്.

Content Highlights: 52 year old arrested in pocso case