ഇന്ദോർ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ കർഫ്യൂ ലംഘിക്കുന്നവർക്കെതിരേ മധ്യപ്രദേശിലെ ഇന്ദോർ നഗരത്തിൽ കർശന നടപടി. കർഫ്യൂ ലംഘിച്ചതിന് ചൊവ്വാഴ്ച മാത്രം 503 പേരെ ജയിലിലടച്ചു. കാർ ഷോറൂം ഉൾപ്പെടെയുള്ള ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളും അധികൃതർ പൂട്ടിച്ചു. നഗരത്തിൽ ഇനിയും പരിശോധനകൾ ശക്തമാക്കുമെന്നും കർഫ്യൂ ലംഘിക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

ഇന്ദോറിലെ പടിഞ്ഞാറൻ മേഖലയിൽ നടത്തിയ പരിശോധനയിലാണ് അനാവശ്യമായി നിരത്തിലിറങ്ങിയ 250 പേരെ പിടികൂടിയത്. കിഴക്കൻ മേഖലയിൽ 253 പേരും പിടിയിലായി. മതിയായ കാരണങ്ങൾ ബോധിപ്പിക്കാൻ കഴിയാത്തവരെയാണ് പിടികൂടിയതെന്നും ഇവരെ താത്‌കാലികമായി തയ്യാറാക്കിയ ജയിലിലേക്ക് മാറ്റിയതായും എസ്.പി. മഹേഷ് ചന്ദ് പറഞ്ഞു. അടിയന്തര ആവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങുന്നവരെയെല്ലാം അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

അനാവശ്യമായി പുറത്തിറങ്ങുന്നവരെ പിടികൂടുന്നതിന് പുറമേ പോലീസുകാർ വാഹനങ്ങളുടെ കാറ്റഴിച്ചു വിടുന്നതായും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ദിവസം മാത്രം ഇരുന്നൂറോളം വാഹന യാത്രക്കാർക്കെതിരെയാണ് പോലീസ് നടപടി സ്വീകരിച്ചത്. ഇതിനിടെ, നഗരത്തിൽ കർഫ്യൂ ലംഘിച്ച് പ്രവർത്തിച്ച വ്യാപാര സ്ഥാപനങ്ങൾക്കെതിരേയും നടപടിയുണ്ടായി. അനുവദിച്ച സമയത്തിൽ കൂടുതൽ പ്രവർത്തിച്ച പാൽ, പലചരക്ക്, വസ്ത്രശാല, മധുരപലാഹര കച്ചവടക്കാർ എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ഈ സ്ഥാപനങ്ങളെല്ലാം അധികൃതർ പൂട്ടിച്ചു. നഗരത്തിലെ ഒരു കാർ ഷോറൂമും അധികൃതർ പൂട്ടിച്ചിട്ടുണ്ട്.

Content Highlights:500 jailed in indore for violating curfew rules