റാഞ്ചി: ജാര്‍ഖണ്ഡിലെ ഛത്ര ജില്ലയില്‍ 50 വയസ്സുകാരിയായ വിധവയെ മൂന്നുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. കോബ്‌ന ഗ്രാമത്തില്‍ താമസിക്കുന്ന സ്ത്രീയാണ് കൊടുംക്രൂരതയ്ക്കിരയായത്. കേസില്‍ പ്രതികളായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. 
 
വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയെ വീട്ടില്‍ അതിക്രമിച്ചു കയറിയാണ് മൂന്നംഗസംഘം കൂട്ടബലാത്സംഗം ചെയ്തത്. സ്വകാര്യഭാഗങ്ങളില്‍ സ്റ്റീല്‍ഗ്ലാസ് കുത്തിക്കയറ്റിയ നിലയില്‍, മാരകമായി പരിക്കേറ്റനിലയിലാണ് സ്ത്രീയെ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ ഹന്ദേര്‍ഗഞ്ച് ആരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ ആരോഗ്യനില അതീവഗുരുതരമായി തുടരുകയാണെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്നവിവരം. 

കോബ്‌നയുടെ സമീപപ്രദേശത്ത് താമസിക്കുന്നവരാണ് പ്രതികളെന്ന് പോലീസ് പറഞ്ഞു. ഒളിവില്‍പോയ ഒരു പ്രതിയെ കൂടി പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു. 

Content Highlights: 50 year old woman brutally gang raped in jharkhand