തൃശ്ശൂര്‍: ചേറ്റുപുഴ ഗാന്ധിനഗര്‍ കോളനിയില്‍ മധ്യവയസ്‌ക്കനെ കുത്തിക്കൊലപ്പെടുത്തി. തന്മാത്ത് രജു(50)വാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രജുവിന്റെ ബന്ധുവും ഗാന്ധിനഗര്‍ കോളനി നിവാസിയുമായ ഷിബിനെ(26) തൃശ്ശൂര്‍ ടൗണ്‍ വെസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തു. 

വിഷുദിനത്തില്‍ വൈകീട്ട്  മൂന്നു മണിയോടെയായിരുന്നു സംഭവം. മരിച്ച രജുവും പ്രതി ഷിബിനും ബന്ധുക്കളാണ്.രജുവിന്റെ ഭാര്യ ഗീതയുടെ സഹോദരനാണ് പ്രതി ഷിബിന്റെ സഹോദരിയെ വിവാഹം ചെയ്തിട്ടുള്ളത്. 

വിഷു ആഘോഷിക്കാൻ ഗീതയുടെ അച്ഛൻ ശങ്കുവിന്റെ  വീട്ടില്‍ ഷിബിന്‍ എത്തിയിരുന്നു. ഇതിനിടെ കുടുംബവഴക്കുണ്ടാവുകയും ഇതില്‍ ഷിബിന്‍ ഇടപെടുകയും ചെയ്തു. വഴക്കിനിടെ ഉന്തുംതള്ളുമുണ്ടായി. ഒടുവില്‍ ഗീതയെ കണ്ണീര് കുടിപ്പിക്കുമെന്ന് പറഞ്ഞാണ് ഷിബിന്‍ ഇവിടെനിന്ന് മടങ്ങിപ്പോയത്. 

തുടര്‍ന്ന് സുഹൃത്തുക്കളുമായി ചേറ്റുപുഴയിലെത്തിയ ഷിബിന്‍ രജുവിനെ വീട്ടില്‍ക്കയറി കുത്തിക്കൊല്ലുകയായിരുന്നു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നെത്തിയ പോലീസും ആക്ട്‌സ് പ്രവര്‍ത്തകരും ചേര്‍ന്ന്  രജുവിനെ ജില്ലാ ആശുപത്രിയിലും മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചിരുന്നു. രജുവിന് ഒന്നിലേറെ തവണ കുത്തേറ്റിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന് ശേഷം സുഹൃത്തുക്കള്‍ക്കൊപ്പം രക്ഷപ്പെട്ട ഷിബിനെ ഒളരിയിലെ ബാറില്‍നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കേസില്‍ അന്വേഷണം തുടരുകയാണെന്ന് ടൗണ്‍ വെസ്റ്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ എ. പ്രസാദ് പറഞ്ഞു. എ.സി.പി. ബേബി, പോലീസ് ഇന്‍സ്‌പെക്ടര്‍ എ. പ്രസാദ്, എസ്. ഐ. നസീബ് സി.എച്ച്., സി.പി.ഒ. ഫൈസല്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്

Content Highlights: 50 year old man stabbed to death in thrissur relative in police custody