തൃശ്ശൂർ: വിയ്യൂർ ജില്ലാ ജയിലിൽ നടത്തിയ പരിശോധനയിൽ തടവുകാരനിൽ നിന്ന് 50,000 രൂപയുടെ കറൻസി പിടിച്ചെടുത്തു. മോഷണവും ജയിൽച്ചാട്ടവും ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതി തളിക്കുളം സുഹൈൽ (ഓട്ടോ സുഹൈൽ) എന്നയാളിൽ നിന്നാണ് പണം പിടിച്ചെടുത്തത്.
ജയിൽ സൂപ്രണ്ടിെൻറ നിർദേശപ്രകാരം നടത്തിയ പരിശോധനയിലാണ് ഒളിപ്പിച്ചു വെച്ച കറൻസികൾ പിടിച്ചെടുത്തത്. 31-ന് സുഹൈലിനെ തിരൂരിലെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയിരുന്നു. ഇവിടെവെച്ച് സുഹൈൽ പലരെയും കണ്ടിരുന്നു. അവിടെ ഇടപാടുകാർ കൈമാറിയ പണമാണ് ഇതെന്നു പറയുന്നു.
കോടതിയിലെ ശൗചാലയത്തിലെത്തി പണം മലദ്വാരത്തിൽ ഒളിപ്പിച്ച് ജയിലിൽ എത്തിച്ചു. ഇവിടെ ശരീരപരിശോധനയിൽ കണ്ടെത്തിയിരുന്നില്ല. സുഹൈൽ കിടക്കുന്ന സെല്ലിൽ പത്തു പേരുണ്ട്. ഇവിടെ വെച്ച് മലദ്വാരത്തിൽ നിന്ന് പണമെടുക്കുന്നത് തടവുകാരിൽ ചിലർ കണ്ടിരുന്നുവെങ്കിലും സുഹൈലിെൻറ ഭീഷണിയിൽ ഇവർ മിണ്ടാതിരിക്കുകയായിരുന്നു.
ലഹരി, മൊബൈൽ ഫോൺ ഉപയോഗം എന്നിവ നടക്കുന്നതിനാൽ ഇടയ്ക്കിടെ സെല്ലുകളിൽ പരിശോധന വേണമെന്ന ജയിൽ ഡി.ജി.പി.യുടെ നിർദേശത്തെത്തുടർന്ന് അപ്രതീക്ഷിതമായിട്ടായിരുന്നു വ്യാഴാഴ്‌ചയിലെ പരിശോധന. അസി. സൂപ്രണ്ടുമാരായ പി. അതുൽ, വി.വി. സുരേഷ്, അസി. പ്രിസൺ ഓഫീസർമാരായ അൽ അജ്, ശിവദാസൻ, തോമസ് എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. സുഹൈലിെൻറ അടിവസ്ത്രത്തിൽ പോളിത്തീൻ കവറിൽ കറൻസികൾ ചുരുട്ടിയൊട്ടിച്ച് സൂക്ഷിച്ചിരിക്കുകയായിരുന്നു.
2011-ൽ വിയ്യൂർ സെൻട്രൽ ജയിലിൽ ശിക്ഷയനുഭവിച്ചുകൊണ്ടിരിക്കെ തടവുചാടിയയാളാണ് സുഹൈൽ. മറ്റൊരു കേസിൽ പിടിയിലായപ്പോഴാണ് ജയിൽച്ചാടി മുങ്ങി നടക്കുന്നയാളാണെന്ന് അറിഞ്ഞത്. രണ്ടുമാസം മുമ്പ് ചാവക്കാട് സബ് ജയിലിൽ നിന്നാണ് വിയ്യൂർ ജില്ലാ ജയിലിലേക്ക് മാറ്റിയത്. വാഹനമോഷണം നടത്തുന്ന വലിയ സംഘത്തിലെ അംഗമാണ് പ്രതി.
Content Highlights: 50,000 rupees seized from prisoner in viyyur Jail