ഭോപ്പാല്‍: പതിനായിരം രൂപയ്ക്കുവേണ്ടി രണ്ടര വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിനു പിന്നാലെ രാജ്യത്തെ നടുക്കി വീണ്ടും ക്രൂരത. ഭോപ്പാലിലെ ഉജ്ജയിനില്‍ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി.
മൃതദേഹം നദിയില്‍ നിന്നാണ് കണ്ടെത്തിയത്. വെള്ളിയാഴ്ച്ച മുതല്‍ പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് കുടുംബം പരാതി നല്‍കിയിരുന്നു. ഇതിനിടയിലാണ് ഷിപ്ര നദിയില്‍ ഒഴുക്കില്‍ പെട്ട നിലയില്‍ പെണ്‍കുട്ടിയുടെ മൃതശരീരം പോലീസ് കണ്ടെത്തിയത്. പ്രഥമിക പരിശോധനയില്‍ പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതായാണ് കണ്ടെത്തല്‍.
സംഭവത്തിന് പിന്നിലുള്ളവരെ പിടികൂടാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി ഉജ്ജയിന്‍ പോലീസ് സൂപ്രണ്ട് സച്ചിന്‍ അതുല്‍ക്കര്‍ വ്യക്തമാക്കി.
അലിഗഢില്‍ രണ്ടര വയസുകാരിയെ കൊലപ്പെടുത്തിയത് ദിവസങ്ങള്‍ക്ക് മുമ്പാണ്. അഴുകി, കണ്ണുകള്‍ ചൂഴ്‌ന്നെടുക്കപ്പെട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ മുത്തശ്ശന്‍ കടം നല്‍കിയ 10000 രൂപ തിരിച്ചു ചോദിച്ചതില്‍ പക തോന്നിയ അയല്‍ക്കാര്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. ഇതിനെതിരെ രാജ്യത്തുടനീളം പ്രതിഷേധം അലയടിക്കുന്നതിനിടയിലാണ് ഉജ്ജയിനില്‍ അഞ്ച് വയസുകാരി ക്രൂരമായി കൊല്ലപ്പെട്ടതായുള്ള വാര്‍ത്ത പുറത്തുവരുന്നത്.
Content Highlight: 5-year-old found raped and murdered in Ujjain