തളിപ്പറമ്പ്: പത്താം ക്‌ളാസ് വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്തുവെന്ന കേസില്‍ അഞ്ചുപേരെ തളിപ്പറമ്പ് പോലീസ് അറസ്റ്റുചെയ്തു. കെ.വി.സന്ദീപ് (31) മാട്ടൂല്‍, സി.പി.ഷംസുദീന്‍ (37) ചൊറുക്കള, വി.സി.ഷബീര്‍ (36) പരിപ്പായി, കിഴക്കെപറമ്പില്‍ അയൂബ് (32) നടുവില്‍, പറശ്ശിനിക്കടവ് പാര്‍ക്ക് ടൂറിസ്റ്റ് ഹോം റിസപ്ഷനിസ്റ്റ് കെ.പവിത്രന്‍ (38) എന്നിവരെയാണ് അറസ്റ്റുചെയ്തത്. പ്രതികള്‍ക്ക് ലോഡ്ജില്‍ സൗകര്യമൊരുക്കിയതിനാണ് പവിത്രനെ അറസ്റ്റുചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ആന്തൂരിലെ ഡി.വൈ.എഫ്.ഐ. പ്രാദേശിക നേതാവ് നിഖലിന്റെ പേരിലും പോലീസ് കേസെടുത്തു. പോക്‌സോവകുപ്പാണ് നിഖിലിന്റെ പേരിലുള്ളത്. 

പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന സംഭവം പുറത്തറിഞ്ഞതോടെ പീഡനം നടന്ന ലോഡ്ജിലേക്ക് യുവജനങ്ങള്‍ നടത്തിയ മാര്‍ച്ചിലും നിഖില്‍ പങ്കെടുത്തിരുന്നു. പെണ്‍കുട്ടിയുടെ മൊഴിയെ തുടര്‍ന്ന് പിന്നീടാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇയാള്‍ പോലീസ് കസ്റ്റഡിയിലാണെന്നറിയുന്നു. ബലമായി തട്ടിക്കൊണ്ടുപോകല്‍, കൂട്ടബലാത്സംഗം, പോക്‌സോ തുടങ്ങിയ വകുപ്പുകളാണ് മറ്റു പ്രതികളുടെ പേരിലുള്ളത്. ഡിവൈ.എസ്.പി. കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. നവംബര്‍ 19-ന് പകല്‍ പറശ്ശിനിക്കടവിലെ ടൂറിസ്റ്റ് ഹോമില്‍ വെച്ചായിരുന്നു പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.

സന്ദീപാണ് പെണ്‍കുട്ടിയെ പറശ്ശിനിക്കടവിലെത്തിച്ചത്. പ്രതികള്‍ നേരത്തേ പരിചയമുള്ളവരാണ്. കണ്ണൂരില്‍ സി.ഐ.ക്ക് ലഭിച്ച പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുക്കുകയായിരുന്നു. അന്വേഷണമാരംഭിച്ചതോടെ കൂടുതല്‍ പേര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി സൂചന ലഭിച്ചിട്ടുണ്ട്. തുടര്‍ന്ന് പത്തിലധികം പേരെ ചോദ്യംചെയ്യാനായി പോലീസ് കസ്റ്റഡിയിലെടുത്തു. പറശ്ശിനിക്കടവ്, വടക്കാഞ്ചേരി, തളിയില്‍ തുടങ്ങിയ പ്രദേശങ്ങളിലുള്ളവരും ഇക്കൂട്ടത്തിലുണ്ടെന്നറിയുന്നു. വളപട്ടണം, പഴയങ്ങാടി, കുടിയാന്‍മല പോലീസ് സ്റ്റേഷന്‍ പരിധിയിയിലുള്ളവരാണ് പ്രതികള്‍. കൂട്ടബലാത്സംഗത്തിന് മാത്രം മൂന്ന് കേസുകളുണ്ടാകുമെന്നാണ് അന്വേഷണസംഘത്തില്‍നിന്ന് ലഭിച്ച സൂചന. 

Content Highlight: 5 arrested in parassinikkadav gang rape