പട്ടാമ്പി: പാലക്കാട്ട് പത്തുവയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ നാല്‍പ്പത്തിയേഴുകാരന് 46 വര്‍ഷം കഠിനതടവും ഒന്നര ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. ചെര്‍പ്പുളശ്ശേരി എഴുവന്തല സ്വദേശി കാട്ടിരിക്കുന്നത്ത് വീട്ടില്‍ ആനന്ദിനെയാണ് പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ജഡ്ജി സതീഷ്‌കുമാര്‍ ശിക്ഷ വിധിച്ചത്. 2018-ലാണ് കേസിന് ആസ്പദമായ സംഭവം. 

കുട്ടി താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ച് കയറി ലൈംഗികാതിക്രമം കാണിച്ചെന്നായിരുന്നു പരാതി. കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പോലീസ് പോക്സോ പ്രകാരമാണ് കേസ് എടുത്ത് അന്വേഷണം നടത്തിയത്. അന്നത്തെ ചെര്‍പ്പുളശ്ശേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ ദീപകുമാര്‍, മനോഹരന്‍ എന്നിവരാണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. 

പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്. നിഷ ഹാജരായി. കേസിന്റെ വാദത്തിനായി 15 സാക്ഷികളെയാണ് വിസ്തരിച്ചത്. 19 രേഖകളും കോടതിയില്‍ ഹാജരാക്കി. പിഴത്തുക ഇരയ്ക്ക് വിട്ടുനല്‍കാന്‍ കോടതി നിര്‍ദേശിച്ചു. 

വീട്ടില്‍ അതിക്രമിച്ചു കയറിയതിന് ആറ് കൊല്ലവും 50,000 രൂപ പിഴയും, പോക്സോ കേസില്‍ രണ്ട് വകുപ്പുകള്‍ പ്രകാരം 20 വര്‍ഷവും 50,000 രൂപ പിഴയും, പോക്സോ കേസ്സില്‍ തന്നെ കുട്ടിയെ പീഡിപ്പിച്ചതിന് 20 വര്‍ഷവും 50000 രൂപ പിഴയും അടക്കമാണ് 46 വര്‍ഷത്തെ തടവും ഒന്നര ലക്ഷം രൂപ പിഴയും പ്രതിക്ക് കോടതി വിധിച്ചത്. 

പിഴയടച്ചില്ലെങ്കില്‍ മൂന്നു വര്‍ഷം കൂടി അധിക തടവ് അനുഭവിക്കണം. ഇതിന് പുറമെ ലീഗല്‍ അതോറിറ്റി മുഖേന ഇരയായ കുട്ടിക്ക് നഷ്ടപരിഹാരം നല്‍കാനും കോടതി നിര്‍ദേശമുണ്ട്.

content highlights: 47 year old man gets 46 year of rigours imprisonment and 1.5 lakh fine in pocso case