ജയ്പുർ: രാജസ്ഥാനിലെ ആൽവാറിൽ 45-കാരിയെ ആറുപേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. സഹോദരപുത്രനൊപ്പം ബൈക്കിൽ പോവുകയായിരുന്ന സ്ത്രീയെയാണ് റോഡിൽ തടഞ്ഞുനിർത്തി ബലാത്സംഗത്തിനിരയാക്കിയത്. സംഭവത്തിൽ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

സെപ്റ്റംബർ 14-ാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം. ബന്ധുവീട് സന്ദർശിച്ചശേഷം സഹോദരപുത്രനൊപ്പം ബൈക്കിൽ വീട്ടിലേക്ക് മടങ്ങിയതായിരുന്നു സ്ത്രീ. ആൽവാറിലെ തിജാറയിൽവെച്ച് ആറംഗസംഘം ഇവരുടെ വാഹനം തടഞ്ഞു. തുടർന്ന് സഹോദരപുത്രനെ ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി പിടിച്ചുവെയ്ക്കുകയും സ്ത്രീയെ ബലാത്സംഗം ചെയ്യുകയുമായിരുന്നു. ആദ്യത്തെയാൾ ബലാത്സംഗം ചെയ്തപ്പോൾ ഇതിന്റെ ദൃശ്യങ്ങൾ മറ്റുള്ളവർ മൊബൈലിൽ പകർത്തി. പിന്നീട് മറ്റുള്ളവരും സ്ത്രീയെ ബലാത്സംഗത്തിനിരയാക്കി.

അതിക്രമത്തിന് ശേഷം വീട്ടിലെത്തിയ സ്ത്രീ ആദ്യം പോലീസിൽ പരാതിപ്പെട്ടിരുന്നില്ല. പിന്നീട് ബലാത്സംഗ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പരാതി നൽകിയത്. സംഭവത്തിൽ പോലീസ് ഉടനടി അന്വേഷണം ആരംഭിക്കുകയും മൂന്ന് പ്രതികളെപിടികൂടുകയുമായിരുന്നു. ബാക്കി പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്നും പോലീസ് അറിയിച്ചു.

Content Highlights:45 year old woman gang raped in rajasthan