തൃശ്ശൂർ: ബാങ്ക് അക്കൗണ്ടിൽനിന്ന് ഓൺലൈൻ വഴി 44 ലക്ഷം രൂപ തട്ടിയതിനിടെ ഉണ്ടായത് ഒരേ നമ്പരിലുള്ള നാല് സിം കാർഡുകൾ. രണ്ടു തവണ ബ്ലോക്ക് ചെയ്തപ്പോൾ ഉടമ എടുത്ത രണ്ടെണ്ണവും ജാർഖണ്ഡിലിരുന്ന് തട്ടിപ്പുകാർ എടുത്ത രണ്ടെണ്ണവുമാണവ.

ഒരു സ്വകാര്യ മൊബൈൽ കമ്പനിയുടെ ജാർഖണ്ഡിലെ ജമ്പാരയിൽ ഉള്ള സ്റ്റോറിൽനിന്നാണ് തട്ടിപ്പുകാർ ഡ്യൂപ്ലിക്കേറ്റ് സിം കാർഡ് എടുത്തിരിക്കുന്നത്. പുതുക്കാട്ടെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ രണ്ട് അക്കൗണ്ടുകളിൽനിന്നാണ് പണം തട്ടിയെടുത്തത്. തട്ടിപ്പുകാർക്ക് ഡ്യൂപ്ലിക്കേറ്റ് സിം കാർഡ് എടുക്കാൻ ആരുടെയോ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. മൊബൈൽ കമ്പനിയുടെ കേരളത്തിലെ ശാഖകളുമായി ബന്ധപ്പെട്ടപ്പോൾ ജാർഖണ്ഡിൽ ബന്ധപ്പെടാനാണ് നിർദേശം കിട്ടിയതെന്നാണ് പരാതിക്കാർ പറയുന്നത്. ഡ്യൂപ്ലിക്കേറ്റ് എടുക്കാൻ വേണ്ട നിബന്ധനകൾ ഒന്നും ഇല്ലാതെ തട്ടിപ്പുകാർക്ക് സിം കാർഡ് കിട്ടിയിട്ടുണ്ടെന്നാണ് സൈബർ പോലീസ് സംശയിക്കുന്നത്. ട്രായ്, ബാങ്കിങ് ഓംബുഡ്സ്മാൻ, എസ്.ബി.ഐ., സൗത്ത് ഇന്ത്യൻ ബാങ്ക് അധികാരികൾക്ക് പരാതി നൽകുമെന്ന് ധനകാര്യ സ്ഥാപനത്തിന്റെ ഉടമകൾ അറിയിച്ചു. ജില്ലാ റൂറൽ പോലീസ് ചീഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്.

അന്വേഷണസംഘം ഞായറാഴ്ചതന്നെ പണം നഷ്ടപ്പെട്ട ധനകാര്യസ്ഥാപനത്തിലും പുതുക്കാട് എസ്.ബി.ഐ., സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖകളിലുമെത്തി തെളിവുകൾ ശേഖരിച്ചു.

തട്ടിപ്പിന്റെ വഴി

ഒക്ടോബർ 30-ന് ധനകാര്യ സ്ഥാപനത്തിന്റെ മാനേജരുടെ പേരിലുള്ള സിം കാർഡ് ബ്ലോക്കാവുന്നു. നെറ്റ് ബാങ്കിങ് ലിങ്ക് ചെയ്തിരിക്കുന്നത് ഈ നമ്പരിലാണ്. മൊബൈൽ റീസ്റ്റാർട്ട് ചെയ്തിട്ടും രക്ഷയില്ല.

അന്ന് പുതുക്കാട് കൺടെയ്ൻമെന്റ് സോൺ ആയതിനാൽ വൈകിട്ട് അഞ്ചിന് മൊബൈൽ സ്റ്റോർ അടച്ചു. ഡ്യൂപ്ലിക്കേറ്റ് സിം എടുക്കുന്നത് പിറ്റേന്നത്തേക്ക് മാറ്റി.

31-ന് രാവിലെ എത്തി ഡ്യൂപ്ലിക്കേറ്റ് സിം എടുത്തു. അത് ഫോണിൽ ഇട്ടപ്പോൾ വന്ന മെസേജുകൾ നോക്കിയപ്പോഴാണ് തലേന്ന് രാത്രി 9.30-ഓടെ 17 ലക്ഷം രൂപ പിൻവലിച്ചത് അറിയുന്നത്. ഒരു ദിവസത്തെ പിൻവലിക്കൽ പരിധി 17 ലക്ഷമായിരുന്നു. അന്ന് രാത്രി 12.01-നും 12.05-നും ഇടയിൽ ബാക്കി 17 ലക്ഷവും പിൻവലിച്ചു. ഡ്യൂപ്ലിക്കേറ്റ് സിം ഉണ്ടാക്കിയാണ് പണം തട്ടിയത്. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ അക്കൗണ്ടിൽനിന്നായിരുന്നു ഇത് പോയത്.

ഡ്യൂപ്ലിക്കേറ്റ് സിം കാർഡും തട്ടിപ്പുകാർ ഉടൻ ബ്ലോക്ക് ചെയ്തു. എന്നാൽ, അപ്പോൾത്തന്നെ ജാർഖണ്ഡിൽ പുതിയ ഡ്യൂപ്ലിക്കേറ്റ് സിം കാർഡ് അവർ ഉണ്ടാക്കി. എസ്.ബി.ഐ.യിലെ അക്കൗണ്ടിൽ ഉണ്ടായിരുന്ന 10 ലക്ഷം രൂപ തട്ടുകയും ചെയ്തു.

നവംബർ രണ്ടിന് മാനേജർ വീണ്ടും ഡ്യൂപ്ലിക്കേറ്റ് സിം എടുത്തപ്പോഴാണ് 10 ലക്ഷം തട്ടിയ വിവരം അറിഞ്ഞത്. ഇതോടെ ഈ സിംകാർഡ് സസ്പെൻഡ് ചെയ്തുനിർത്തിയിരിക്കുകയാണ്. നെറ്റ് ബാങ്കിങ് ഉപേക്ഷിക്കുകയും ചെയ്തു.

ഡ്യൂപ്ലിക്കേറ്റ് സിം കാർഡ് ജാർഖണ്ഡിൽ എങ്ങനെ?

ജാർഖണ്ഡിലിരുന്ന് കേരളത്തിലുള്ള ഒരു സിം കാർഡിന്റെ ഡ്യൂപ്ലിക്കേറ്റ് രണ്ടു ദിവസത്തിനിടെ രണ്ടെണ്ണം നിയമപരമായി എടുക്കുക എന്നത് അസാധ്യമാണ്. തിരിച്ചറിയൽ കാർഡിന്റെ ഒറിജിനലും പകർപ്പും ഇതിനുവേണം. ഉടമയുടെ ലൈവ് ഫോട്ടോ എടുത്ത് അപ്ലോഡ് ചെയ്യുകയും വേണം. ബയോമെട്രിക് വിവരങ്ങളും വേണം. എന്നാൽ, ഇതൊന്നും ഇല്ലാതെ സ്വകാര്യ മൊബൈൽ കമ്പനിയുടെ സിമ്മിന്റെ ഡ്യൂപ്ലിക്കേറ്റ് എടുക്കാൻ കഴിഞ്ഞത് ആരൊക്കെയോ സഹായിച്ചു എന്നതിന്റെ തെളിവായി പോലീസ് സംശയിക്കുന്നു. ജാർഖണ്ഡിലെ ജമ്പാരി കൊള്ളക്കാരുടെയും അക്രമിസംഘങ്ങളുടെയും കേന്ദ്രമായാണ് അറിയപ്പെടുന്നത്. മൊബൈൽ സ്റ്റോർ ജീവനക്കാരെ ഭീഷണിപ്പെടുത്തി കാർഡ് എടുത്തതാവാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല.

തട്ടിപ്പുകാർക്ക് എങ്ങനെ കിട്ടും നമ്പർ

സാമൂഹികമാധ്യമങ്ങളിലോ മറ്റേതെങ്കിലും സൈറ്റുകളിലോ പങ്കു വയ്ക്കുന്ന ഫോട്ടോയും തിരിച്ചറിയൽ രേഖയും മൊബൈൽ നമ്പറും വഴിയാണ് വിവരങ്ങൾ തട്ടിപ്പുകാരിലേക്ക് എത്തുന്നത്.

നമ്പർ കിട്ടിയാലുടൻ അക്കൗണ്ടുകൾ പരതും. അതിൽ യുക്തമെന്നു തോന്നുന്നതിൽനിന്ന് പണം തട്ടും.

Content Highlights:44 lakh online fraud case thrissur two duplicate sim bought from jharkhand