തിരുവനന്തപുരം: കുട്ടികളുടെ അശ്ലീലചിത്രങ്ങൾ കാണുകയും പ്രചരിപ്പിക്കുകയും ചെയ്തതിന് സംസ്ഥാനത്ത് അറസ്റ്റിലായത് 41 പേർ. ഐ.ടി. പ്രൊഫഷണലുകളായ യുവാക്കൾ ഉൾപ്പെടെയുള്ളവരാണ് കഴിഞ്ഞ ദിവസം സംസ്ഥാന വ്യാപകമായി നടന്ന ഓപ്പറേഷൻ പീ ഹണ്ട് റെയ്‌ഡിൽ കുരുങ്ങിയത്. റെയ്‌ഡിന് പിന്നാലെ സംസ്ഥാന വ്യാപകമായി 227 കേസുകൾ രജിസ്റ്റർ ചെയ്തതായും കമ്പ്യൂട്ടറുകൾ, മൊബൈൽ ഫോണുകൾ, ഹാർഡ് ഡിസ്ക്കുകൾ തുടങ്ങിയ 285 ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുത്തതായും സൈബർ ഡോം നോഡൽ ഓഫീസറായ എ.ഡി.ജി.പി. മനോജ് എബ്രഹാം അറിയിച്ചു.

കേരളത്തിലെ 326 കേന്ദ്രങ്ങളിലാണ് ഞായറാഴ്ച പുലർച്ചെ മുതൽ ഓപ്പറേഷൻ പീ ഹണ്ട് റെയ്‌ഡ് നടത്തിയത്. പിടിച്ചെടുത്ത ഇലക്ട്രോണിക്ക് ഉപകരണങ്ങളിൽനിന്ന് കുട്ടികളുടെ നിരവധി അശ്ലീല വീഡിയോകളാണ് കണ്ടെടുത്തത്. പാലക്കാട് ജില്ലയിൽനിന്നാണ് ഏറ്റവും കൂടുതൽ പേരെ അറസ്റ്റ് ചെയ്തത്(9). ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത് മലപ്പുറം ജില്ലയിലും(44).

കോവിഡ് കാലത്ത് കുട്ടികൾക്കെതിരായ സൈബർ കുറ്റകൃത്യങ്ങളിൽ വൻ വർധനവുണ്ടായെന്നാണ് കണ്ടെത്തിയിരിക്കുന്നതെന്ന് എ.ഡി.ജി.പി. മനോജ് എബ്രഹാം പറഞ്ഞു. ഇത്തരക്കാരെ സൈബർ ഡോം നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഡാർക്ക്നെറ്റിലടക്കം ഈ കാലയളവിൽ കുട്ടികളുടെ അശ്ലീലചിത്രങ്ങൾ തിരയുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തൽ. കേരളത്തിൽനിന്ന് പ്രാദേശികമായി ചിത്രീകരിച്ച ദൃശ്യങ്ങൾക്ക് ഡാർക്ക്നെറ്റിൽ ആവശ്യക്കാരേറെയാണ്. ഇതിനുപുറമേ, വാട്സാപ്പ്, ടെലഗ്രാം തുടങ്ങിയ സാമൂഹികമാധ്യമങ്ങളിൽ പ്രവർത്തിക്കുന്ന നിരവധി ഗ്രൂപ്പുകളുമുണ്ട്. ചക്ക, ബിഗ് മെലൺ, ഉപ്പുംമുളകും, ഗോൾഡ് ഗാർഡൻ, ദേവത, അമ്മായി, അയൽക്കാരി, പൂത്തുമ്പി, കൊറോണ, സുഖവാസം തുടങ്ങിയ പേരുകളിലാണ് 400-ഓളം അംഗങ്ങൾ സജീവമായ അശ്ലീല ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നത്.

കേരളത്തിലെ വീടുകളിൽനിന്നോ ഫ്ളാറ്റുകളിൽനിന്നോ ചിത്രീകരിച്ച ദൃശ്യങ്ങളാണ് പല ഗ്രൂപ്പുകളിലും പ്രചരിക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്. മാൽവെയറുകളുടെ സഹായത്തോടെ കുട്ടികളുടെ വെബ്ക്യാമിൽനിന്ന് ദൃശ്യങ്ങൾ മോഷ്ടിക്കുന്നതും പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇന്റർനെറ്റിൽ കുട്ടികളുടെ അശ്ലീലചിത്രങ്ങളും വീഡിയോകളും തിരയുന്നവരെ കണ്ടെത്താൻ പോലീസിന് പ്രത്യേകസംവിധാനമുണ്ട്. പ്രത്യേക സോഫ്റ്റ് വെയറിന്റെ സഹായത്തോടെ ഇവരുടെ ഐ.പി. വിലാസവും സാമൂഹികമാധ്യമ അക്കൗണ്ടുകളും പോലീസ് നിരീക്ഷിച്ചുവരികയാണ്.

Content Highlights:41 people arrested in kerala for circulating and watching child porn videos operation p hunt