തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നരവർഷത്തിനിടെ ശാരീരികവും മാനസികവുമായ പീഡനത്തിന് ഇരയായത് നാലായിരത്തിലേറെ കുട്ടികൾ. ഇതിൽ 463 പരാതികൾ കുട്ടികളോടുള്ള ലൈംഗികാതിക്രമം സംബന്ധിച്ചാണ്. ഇതിൽ പോക്സോ നിയമപ്രകാരം 247 കേസുകളെടുത്തു. സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ടോൾഫ്രീ നമ്പറിലേക്കെത്തിയ പരാതികളുടെമാത്രം കണക്കാണിത്. ബന്ധുക്കളും രക്ഷകർത്താക്കളുടെ ലിവിങ് ടുഗതർ പങ്കാളികളുമാണ് ഭൂരിഭാഗം പരാതികളിലും പ്രതിസ്ഥാനത്ത്.
ഒന്നരവർഷംമുമ്പ് ആരംഭിച്ച ടോൾഫ്രീ നമ്പറിലേക്ക് ഇതുവരെ മുപ്പതിനായിരത്തിലേറെ കോളുകളെത്തി. ഇവയിൽ പതിനയ്യായിരത്തോളം പരാതികളും കുട്ടികളോടുള്ള ഉപദ്രവം സംബന്ധിച്ചായിരുന്നു. രക്ഷകർത്താക്കൾ മുതൽ സ്കൂളധികൃതർ വരെ കുട്ടികളെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
കുട്ടികളിലെ ലഹരി ഉപയോഗം സംബന്ധിച്ച് 666 പരാതികൾ ലഭിച്ചു. തിരുവനന്തപുരത്തുനിന്നാണ് തണലിലേക്ക് കൂടുതൽ വിളികളെത്തിയത്. കുട്ടികളുടെ ചികിത്സ, സഹായധനം, വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങൾക്കായി 3544 വിളികളുമെത്തി.
ബാലഭിക്ഷാടനം നടത്തുന്ന അമ്പത് കുട്ടികളെ കണ്ടെത്തി പുനരധിവസിപ്പിച്ചു. ഇവരിൽ ഇതരസംസ്ഥാനത്തുനിന്നുള്ള കുട്ടികളെ തിരിച്ചയച്ചു. ഭിക്ഷാടന സംഘത്തിലുള്ള കുട്ടികളുടെ ഡി.എൻ.എ. പരിശോധന നടത്തിയശേഷമാണ് തുടർനടപടികൾ സ്വീകരിക്കുന്നത്.
തണൽ - 1517
കുട്ടികൾക്കെതിരായ ശാരീരിക മാനസിക അക്രമം, ലൈംഗിക ചൂഷണം, ശൈശവ വിവാഹം, ബാലവേല, ഭിക്ഷാടനം, ലഹരി ഉപയോഗം, പഠന വൈകല്യം, രോഗം, ഭക്ഷണം, വിദ്യാഭ്യാസം തുടങ്ങി എല്ലാ വിഷയങ്ങൾക്കും തണലിനെ സമീപിക്കാം. കൺട്രോൾ റൂമിലേക്ക് 24 മണിക്കൂറും വിളിക്കാം. എല്ലാ ജില്ലകളിലും ജില്ലാ കോ-ഓർഡിനേറ്റർമാരുടെ നേതൃത്വത്തിൽ കമ്മിറ്റികളുണ്ട്. പരാതികൾ അതത് ജില്ലകളിലേക്ക് കൈമാറും. പോക്സോ ചുമത്തേണ്ടവ പോലീസിന് കൈമാറും.
പോക്സോ കേസുകൾ
വയനാട് 38
തിരുവനന്തപുരം 30
കാസർകോട് 28
മലപ്പുറം 23
തൃശ്ശൂർ 22
പാലക്കാട് 18
കൊല്ലം 15
കണ്ണൂർ 15
ഇടുക്കി 14
ആലപ്പുഴ 12
പത്തനംതിട്ട 10
എറണാകുളം 9
കോട്ടയം 8
കോഴിക്കോട് 5
4000 kids attacked last one year