തിരുവനന്തപുരം:  തിരുവനന്തപുരം ശ്രീകാര്യത്ത് കൊലക്കേസ് പ്രതിയുടെ കാല്‍ വെട്ടിയെടുത്ത കേസില്‍ നാലുപേരെ അറസ്റ്റു ചെയ്തു. ശ്രീകാര്യം മഠത്തുനട സ്വദേശി സുമേഷ്(28), മണ്ണന്തല ചെഞ്ചേരി സ്വദേശി മനോജ് (40), പേരൂര്‍ക്കട ചെട്ടി വിളാകം സ്വദേശി വിനു കുമാര്‍ (43), കുടപ്പനക്കുന്ന് പാതിരിപ്പള്ളി സ്വദേശി അനന്തു (30) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ നാലു പേരും അക്രമത്തില്‍ നേരിട്ട് പങ്കെടുത്തവരാണ്.

മെഡിക്കല്‍ കോളേജിനു സമീപത്തെ ഒളിസങ്കേതത്തില്‍ നിന്നാണ് ഇവരെ അറസ്റ്റു ചെയ്തത്. കഴിഞ്ഞ ബുധനാഴ്ച ഉച്ചയോടെയാണ് ആര്‍എസ്എസ്  പ്രവര്‍ത്തകന്‍ രാജേഷിനെ വെട്ടിക്കൊന്ന കേസിലെ നാലാം പ്രതിയായ എബിയ്ക്ക് വെട്ടേറ്റത്.

രണ്ടു ബൈക്കുകളിലും ഒരു കാറിലുമെത്തിയ സംഘമാണ് എബിയെ വെട്ടിയത്. റോഡരികില്‍ സുഹൃത്തുമായി സംസാരിച്ചിരിക്കെയാണ് അക്രമം നടന്നത്.

എബിയുടെ വലതു കാല്‍ പൂര്‍ണ്ണമായും വെട്ടിമാറ്റിയ നിലയിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.സംഭവം നടന്നയുടന്‍ സ്ഥലത്തെത്തിയ പോലീസ് പ്രദേശത്തെ ഇരുപതോളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

അക്രമികളെത്തിയ സാന്‍ട്രോ കാറിന്റെ നമ്പര്‍ ലഭിച്ചതനുസരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. മണ്ണന്തല ചെഞ്ചേരി സ്വദേശി മനോജിന്റെ കാറിലും ബൈക്കുകളിലുമാണ് അക്രമികള്‍ എത്തിയത്.

മനോജിന്റെ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. 2017 ജൂലൈ 31 ന് ആര്‍എസ്എസ് കാര്യവാഹ് ആയിരുന്ന ഇടവക്കോട് രാജേഷിനെ വെട്ടിക്കൊന്ന കേസിലെ നാലാം പ്രതിയായിരുന്നു കഴിഞ്ഞ ദിവസം വെട്ടേറ്റ എബി.

ആ കേസിലെ ഒന്നാം പ്രതിയായ മണിക്കുട്ടന്റെ സംഘാംഗമായിരുന്നു എബി.

വെട്ടേറ്റ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലുള്ള എബി ശസ്ത്രക്രിയക്ക് ശേഷം ചികില്‍സയിലാണ്.

കഴക്കൂട്ടം സൈബര്‍സിറ്റി എ സി യുടെ നേതൃത്വത്തില്‍ ശ്രീകാര്യം പോലീസാണ് അന്വേഷണം നടത്തിയത്. മറ്റു പ്രതികളും ഉടന്‍ പിടിയിലാകുമെന്ന് പോലീസ് പറഞ്ഞു.

പ്രതികളെത്തിയ കാറും ബൈക്കും കണ്ടെടുത്തിട്ടുണ്ട്. ഒന്നാം പ്രതി സുമേഷ്  സിപിഎം ഇടവക്കോട് ലോക്കല്‍ കമ്മിററി സെക്രട്ടറി എല്‍.എസ് സാജുവിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ്. സംഭവത്തില്‍ നേരിട്ടു പങ്കെടുത്ത ഒരാളെ കിട്ടാനുണ്ട്.

ഗൂഢാലോചനയും അന്വേഷിക്കുന്നുണ്ട്. പ്രതികള്‍ എല്ലാവരും ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരാണ്. ഇവരെല്ലാം കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന രാജേഷിന്റെ ബന്ധുക്കളും സുഹൃത്തുക്കളുമാണ്.

Content Highlight:  4 arrested in sreekaryam TVM