ഈറോഡ്: എയ്ഡ്‌സ് രോഗിയായ 37-കാരന്‍ രണ്ട് മക്കളെ വിഷംനല്‍കി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഈറോഡ് അന്തിയൂരിലെ സിക്കാരന്‍ എന്നയാളാണ് 15-ഉം 12-ഉം വയസുള്ള രണ്ട് പെണ്‍മക്കളെ കൊലപ്പെടുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചത്. 

ഞായറാഴ്ച രാവിലെ ഭക്ഷണത്തില്‍ വിഷംകലര്‍ത്തി നല്‍കിയാണ് മക്കളെ കൊലപ്പെടുത്തിയത്. കൂലിപ്പണിക്കാരനായ സിക്കാരന്‍ എച്ച്.ഐ.വി പോസിറ്റീവാണെന്ന് കഴിഞ്ഞവര്‍ഷം സ്ഥിരീകരിച്ചിരുന്നു. ഇതിനുശേഷം കടുത്ത നിരാശയിലായിരുന്നു ജീവിതം. ഏഴുവര്‍ഷം മുമ്പ് ഭാര്യ പിണങ്ങിപ്പോയതിനാല്‍ സിക്കാരനും രണ്ട് പെണ്‍മക്കളും മാത്രമായിരുന്നു അന്തിയൂരിലെ വീട്ടില്‍ താമസിച്ചിരുന്നത്. 

രണ്ട് മക്കള്‍ക്കും വിഷംകലര്‍ത്തിയ ഭക്ഷണം നല്‍കിയ ശേഷം സിക്കാരനും ഇതേ ഭക്ഷണം കഴിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അയല്‍വാസികളാണ് പിന്നീട് മൂവരെയും അവശനിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ പോലീസില്‍ വിവരമറിയിക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്‌തെങ്കിലും പെണ്‍കുട്ടികളുടെ ജീവന്‍ രക്ഷിക്കാനായില്ല. ആത്മഹത്യയ്ക്ക് ശ്രമിച്ച സിക്കാരന്റെ ആരോഗ്യനില അതീവഗുരുതരമായി തുടരുകയാണ്.  സംഭവത്തില്‍ സിക്കാരനെതിരെ കേസെടുത്തതായും അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.