മുംബൈ: നികുതി വെട്ടിച്ച് ഇന്ത്യയിലേക്ക് കടത്തിയ മൂവായിരത്തിലേറെ ഐഫോണുകള്‍ മുംബൈയില്‍ പിടിച്ചെടുത്തു. മുംബൈ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയര്‍ കാര്‍ഗോ കോംപ്ലക്‌സില്‍നിന്നാണ് 3646 ഐഫോണ്‍ 13 മോഡല്‍ ഫോണുകള്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി.ആര്‍.ഐ) പിടികൂടിയത്. ഇവയ്ക്ക് 42.86 കോടി രൂപ മൂല്യംവരുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

ഹോങ്കോങ്ങില്‍നിന്ന് മെമ്മറി കാര്‍ഡുകളെന്ന വ്യാജേനയാണ് ഇത്രയധികം ഐഫോണുകള്‍ ഇന്ത്യയിലേക്ക് കടത്തിയത്. കാര്‍ഗോ രേഖകളിലെല്ലാം മെമ്മറി കാര്‍ഡുകളാണെന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ഡി.ആര്‍.ഐ. കാര്‍ഗോ പരിശോധിച്ചപ്പോള്‍ ഐഫോണുകളാണെന്ന് കണ്ടെത്തുകയായിരുന്നു. 

പിടികൂടിയതില്‍ 2245 എണ്ണം ഐഫോണ്‍ 13 പ്രോ മോഡല്‍ ഫോണുകളാണ്. 1401 ഐഫോണ്‍ പ്രോ മാക്‌സ് ഫോണുകളും കണ്ടെടുത്തു. 12 ഗൂഗിള്‍ പിക്‌സല്‍ 6 പ്രോ ഫോണുകളും ഒരു ആപ്പിള്‍ സ്മാർട്ട് വാച്ചും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു. 

2021 സെപ്റ്റംബറിലാണ് ഐഫോണ്‍ 13 ഇന്ത്യയിലെ വിപണിയിലെത്തിയത്. 70,000 രൂപ മുതല്‍ 1,80,000 രൂപ വരെയാണ് വില. ഇന്ത്യയിലേക്ക് മൊബൈല്‍ ഫോണുകള്‍ ഇറക്കുമതി ചെയ്യുമ്പോള്‍ 44% കസ്റ്റംസ് തീരുവ നല്‍കണം. ഇത് വെട്ടിക്കാനാണ് മെമ്മറി കാര്‍ഡുകളെന്ന വ്യാജേന ഐഫോണുകള്‍ ഇറക്കുമതി ചെയ്തത്. 

Content Highlights: 3646 iphone 13 seized by dri in mumbai airport