ന്യൂഡൽഹി: ഡൽഹിയിൽ വൻ ലഹരിമരുന്ന് വേട്ട. 354 കിലോഗ്രാം ഹെറോയിൻ ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെൽ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഒരു അഫ്ഗാൻ സ്വദേശിയടക്കം നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പിടിച്ചെടുത്ത ഹെറോയിന് ഏകദേശം 2500 കോടി രൂപ വിലവരുമെന്നും അന്താരാഷ്ട്ര ലഹരിമരുന്ന് സംഘവുമായി ബന്ധമുളളവരാണ് പിടിയിലായതെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

പിടിച്ചെടുത്ത ലഹരിമരുന്ന് അഫ്ഗാനിസ്ഥാനിൽനിന്ന് എത്തിച്ചതാണ്. കടൽ മാർഗം മുംബൈയിലെത്തിച്ച ഇവ ഡൽഹിയിലേക്ക് കൊണ്ടുവരികയായിരുന്നു. മധ്യപ്രദേശിലെ ശിവപുരിയിലെ ഒരു ഫാക്ടറിയിലാണ് ഇവ നേരത്തെ സൂക്ഷിച്ചിരുന്നത്. പിന്നീട് ഫരീദാബാദിൽ ലഹരിമരുന്ന് സൂക്ഷിക്കാനായി വീടും വാടകയ്ക്കെടുത്തു. ഇതും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.

പഞ്ചാബിലാണ് ലഹരിമരുന്ന് വിതരണം ചെയ്യാൻ പദ്ധതിയിട്ടിരുന്നത്. അഫ്ഗാനിസ്ഥാനിൽനിന്നാണ് ഇതെല്ലാം നിയന്ത്രിച്ചിരുന്നതെന്നും പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ലഹരിമരുന്ന് സംഘത്തിന് പണം ലഭിച്ചിരുന്നത് പാകിസ്താനിൽനിന്നാണെന്നും സൂചന ലഭിച്ചിട്ടുണ്ട്. അതിനാൽ തീവ്രവാദ ബന്ധമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് അന്വേഷിച്ചുവരികാണ്.

കഴിഞ്ഞ മാസം ഡൽഹി നാർകോട്ടിക് കൺട്രോൾ ബ്യൂറോ അന്താരാഷ്ട്ര ബന്ധമുള്ള ലഹരിമരുന്ന് കടത്തുകാരെ പിടികൂടിയിരുന്നു. എട്ട് പേരാണ് അന്ന് അറസ്റ്റിലായത്. ഇവരിൽനിന്ന് ഡാർക്നെറ്റ് വഴി വിൽപ്പന നടത്തിയ 245 കിലോ ലഹരിമരുന്നും പിടിച്ചെടുത്തിരുന്നു.

Content Highlights:354 heroin drugs seized in delhi and four arrested