തിരുവനന്തപുരം: വിമാനത്താവളത്തിൽ 35 ലക്ഷം രൂപ വില വരുന്ന സ്വർണം പിടികൂടി. ബുധനാഴ്ച പുലർച്ചെ ഷാർജയിൽ നിന്ന്‌ രണ്ടു വിമാനങ്ങളിലായി വന്ന മൂന്നു യാത്രക്കാരിൽ നിന്നാണ് 1050 ഗ്രാം സ്വർണം പിടികൂടിയത്. പുലർച്ചെ ഷാർജയിൽ നിന്ന്‌ തിരുവനന്തപുരത്തെത്തിയ എയർ അറേബ്യ വിമാനത്തിലെ രണ്ടു യാത്രക്കാരിൽ നിന്നായി 900 ഗ്രാം സ്വർണമാലകൾ പിടികൂടി. ടാബ്‌ലറ്റുകൾക്കുള്ളിലായി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണമാണ് പിടികൂടിയത്. ഇവരുടെ ലഗേജ് പരിശോധിച്ചപ്പോഴാണ് ടാബിനുള്ളിലായി സ്വർണം ഒളിപ്പിച്ചത് കണ്ടെത്തിയത്. ഇതിന് 30 ലക്ഷം രൂപ വിലവരുമെന്ന് കസ്റ്റംസ് അധികൃതർ പറഞ്ഞു.

ബുധനാഴ്ച ഷാർജയിൽ നിന്നുമെത്തിയ എയർ ഇന്ത്യ വിമാനത്തിലെ ഒരു യാത്രക്കാരനിൽ നിന്നു സ്വർണം പിടികൂടി. പീനട്ട് ബട്ടറിനുള്ളിൽ ഒളിപ്പിച്ചിരുന്ന 150 ഗ്രാം തൂക്കം വരുന്ന സ്വർണമാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. അഞ്ചു ലക്ഷം വില വരും. എയർ കസ്റ്റംസ് ഇന്റലിജൻസ് ഡെപ്യൂട്ടി കമ്മിഷണർ കൃഷ്ണേന്ദു രാജമിന്റുവിന്റെ നേതൃത്വത്തിൽ സൂപ്രണ്ടുമാരായ ബൈജു, ആൻസി, ഷിബു, ശ്രീകുമാർ, പ്രമോദ് തുടങ്ങിയവർ അടങ്ങിയ സംഘമാണ് സ്വർണം പിടികൂടിയത്.

Content Highlights: 35 lakh worth gold seized