കൊച്ചി;  അമ്മയുടെ മര്‍ദനത്തെ തുടര്‍ന്ന് പരിക്കേറ്റ്‌ കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 3 വയസുകാരന്റെ നില ഗുരുതരമായി തുടരുന്നു. അടുത്ത 48 മണിക്കൂര്‍ നിര്‍ണായകമാണെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടിലൂടെ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

തലച്ചോറിന്റെ വലതുഭാഗം പൂര്‍ണമായി പരിക്കേറ്റ നിലയിലാണ്. ശസ്ത്രക്രിയയിലൂടെ തലച്ചോറിലെ രക്തസ്രാവം പൂര്‍ണമായും നിയന്ത്രിക്കുകയും രക്തം കട്ടപിടിച്ചു കിടന്നത് ഭാഗികമായി നീക്കം ചെയ്യുകയും ചെയ്തു. കുട്ടി അപകടനില തരണം ചെയ്തതായി പറയാനാകില്ലെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടി ഇപ്പോഴും വെന്റിലേറ്ററില്‍ കോമ അവസ്ഥയില്‍ തുടരുകയാണ്, 

സംശയാസ്പദമായ സാഹചര്യത്തില്‍ തലയ്ക്ക് പരിക്കേറ്റ മൂന്നുവയസുകാരനെ ബുധനാഴ്ചയാണ് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കെട്ടിടത്തില്‍ നിന്ന് വീണെന്ന് പറഞ്ഞാണ് മാതാപിതാക്കള്‍ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത്.

മുറിവേറ്റ പാടുകള്‍ക്ക് പുറമേ കുഞ്ഞിന്റെ ശരീരത്തില്‍ പൊള്ളലേറ്റ പാടുകളും കണ്ടെത്തിയിരുന്നു. ആശുപത്രി അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് മാതാപിതാക്കളെ ചോദ്യം ചെയ്തിരുന്നു. ഇതിനിടെ താനാണ് കുട്ടിയെ മര്‍ദിച്ചതെന്ന് അമ്മ മൊഴിനല്‍കി. ഇവരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. ഉത്തരേന്ത്യയില്‍ നിന്നുള്ള കുടുംബം 20 ദിവസം മുമ്പാണ് കേരളത്തിലെത്തിയത്.  

Content Highlight: 3 years old boy from Aluva  continue coma stage