മുംബൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാസങ്ങളോളം കൂട്ട ബലാത്സംഗത്തിനിരയാക്കിയ 24 പേർ പിടിയിൽ. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. പിടിയിലായവരിൽ 2 പേർ പ്രായപൂർത്തിയാകാത്തവരാണ്. 

കഴിഞ്ഞ ജനുവരി മുതൽ സെപ്തംബർ വരെ പെൺകുട്ടി പീഡനത്തിന് ഇരയാവുകയായിരുന്നു. ഡോംമ്പിവാലിയിലെ മൻപട പോലീസ് സ്റ്റേഷനിൽ പെൺകുട്ടി പരാതി നൽകിയതോടെയാണ് ക്രൂര ബലാത്സംഗത്തിന്റെ വിവരം പുറത്തറിയുന്നത്. പെൺകുട്ടിയെ വീഡിയോ കാണിച്ച് നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. 

കഴിഞ്ഞ ജനുവരിയിൽ പെൺകുട്ടിക്ക് നേരെ ആൺ സുഹൃത്ത് ലൈംഗികാതിക്രമം നടത്തുകയും ഇതിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയും ചെയ്തിരുന്നു. ഈ വീഡിയോ മറ്റുള്ള പ്രതികളുടെ കൈയിലെത്തുകയും ഇത് കാണിച്ച് പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

കഴിഞ്ഞ 9 മാസമായിട്ട് പെൺകുട്ടി ദയനീയമായ അവസ്ഥയില്‍ കൂടിയാണ് കടന്നു പോയിക്കൊണ്ടിരുന്നത്. പിന്നീട് പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയതോടെയാണ് സംഭവം അറിയുന്നത്. ഇതുമായി ബന്ധപ്പെട്ട് 29 പേർക്കെതിരെയാണ് പെൺകുട്ടി പരാതി നൽകിയിരിക്കുന്നതെന്ന് എസിപി ദത്താത്രെ കരാളെ പറഞ്ഞു. പ്രതികൾക്കെതിരെ കൂട്ട ബലാത്സംഗ വകുപ്പുകൾ, പോക്സോ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 

പരാതി ലഭിച്ച ഉടൻ തന്നെ പോലീസ് സ്പെഷ്യൽ ഡ്രൈവ് സംഘടിപ്പിക്കുകയും 24 പ്രതികളെ പിടികൂടുകയും ചെയ്തിട്ടുണ്ട്. പിടികൂടിയ പ്രതികളിൽ രണ്ടു പേർ പ്രായപൂർത്തിയാകാത്തവരാണ്. ഡോമ്പിവാലി, റബാലെ, മുർബാദ്, ബദ്ലാപുർ തുടങ്ങിയിടങ്ങളിൽ വെച്ചായിരുന്നു പെൺകുട്ടി പീഡനത്തിനിരയായതെന്ന് എസിപി പറയുന്നു.

ഒരേ പ്രദേശത്തുള്ളവരാണ് പ്രതികളിൽ കൂടുതൽ പേരും. എല്ലാവർക്കും പെൺകുട്ടിയുടെ ആൺസുഹൃത്തുമായി ബന്ധമുണ്ടായിരുന്നു. മറ്റുള്ളവർക്കെ വീഡിയോ ആൺ സുഹൃത്ത് കൈമാറുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.

Content Highlights: 29 people, including minors, gang rape minor girl in Thane over months