തിരുവനന്തപുരം: നവവധുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആര്യനാട് അണയിലക്കര സ്വദേശി മിഥുന്റെ ഭാര്യ ആദിത്യ (24) ആണ് മരിച്ചത്. ഭര്‍ത്താവിന്റെ വീട്ടിലെ കിടപ്പ്മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. മൂന്ന് മാസം മുന്‍പാണ് മിഥുനും ആദിത്യയും തമ്മിലുള്ള വിവാഹം കഴിഞ്ഞത്.

ഭര്‍ത്താവ് മിഥുന്‍ ജോലിക്ക് പോയ ശേഷമാണ് യുവതി തൂങ്ങി മരിച്ചത് എന്നാണ് സൂചന. രാവിലെ ജോലിക്ക് പോകുന്നതിന് മുന്‍പ് മിഥുനും ആദിത്യയും വളരെ സൗഹൃദത്തോടെ സംസാരിച്ചിരുന്നുവെന്നും ഇരുവരും തമ്മില്‍ ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ല എന്നുമാണ് മിഥുന്റെ വീട്ടുകാര്‍ പറയുന്നത്.

മിഥുന്റെ മാതാപിതാക്കളുടെ വിവാഹ വാര്‍ഷിക ദിനമായിരുന്നു ഇന്ന്. കേക്ക് ഓര്‍ഡര്‍ ചെയ്തത്  ആദിത്യ ആയിരുന്നു. ഭക്ഷണം കഴിച്ചശേഷം മുറിയില്‍പോയ ആദിത്യയെ പിന്നീട് പുറത്തു കാണാതെ വന്നപ്പോള്‍ ഭര്‍തൃമാതാവ് കിടപ്പുമുറിയില്‍ അന്വേഷിച്ചിരുന്നു.

മിഥുന്‍ ജോലിക്ക് പോയ ശേഷം ആദിത്യ മുറിയില്‍ കയറി കതക് അടച്ചുവെന്നാണ് വിവരം. ഏറെ നേരമായിട്ടും പുറത്തേക്ക് കാണാതായപ്പോള്‍ വീട്ടുകാര്‍ വിളിച്ചെങ്കിലും കതക് തുറന്നില്ല. ഇതോടെ നാട്ടുകാരുടെ സഹായത്തോടെയാണ് വീട്ടുകാര്‍ കതക് പൊളിച്ച് അകത്തേക്ക് കടന്നത്. 

പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ സ്വീകരിച്ചു. സംഭവത്തില്‍ എന്തെങ്കിലും ദുരൂഹതയുണ്ടോയെന്നും യുവതിക്ക് ഭര്‍ത്താവിന്റെ വീട്ടില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായിരുന്നോവെന്നും പോലീസ് അന്വേഷിക്കും.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

Content Highlights: 24 year old lady committed suicide in husband`s home