ഗാന്ധിനഗർ: ഗുജറാത്തിൽ രണ്ടു മാസം പ്രായമുള്ള കുഞ്ഞിന് 24 മണിക്കൂറും പോലീസ് സുരക്ഷ. രണ്ടു തവണ തട്ടിക്കൊണ്ടുപോകലിന് ഇരയായ ആൺകുഞ്ഞിനാണ് മുഴുവൻ സമയവും പോലീസ് കാവൽ ഏർപ്പെടുത്തുന്നത്. ഇതോടെ ഗുജറാത്തിൽ 24 മണിക്കൂറും പോലീസ് സുരക്ഷ ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ഈ കുഞ്ഞായിരിക്കുമെന്നും ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഗാന്ധിനഗറിലെ അഡലാജിലെ ചേരിയിലാണ് കുഞ്ഞിന്റെ മാതാപിതാക്കൾ താമസിക്കുന്നത്. ആക്രി വിറ്റ് ജീവിക്കുന്ന ഇവരുടെ രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെ ഇതുവരെ രണ്ടു തവണയാണ് ചിലർ തട്ടിക്കൊണ്ടുപോയത്. കുഞ്ഞ് ജനിച്ച് രണ്ടു ദിവസം പിന്നിട്ടപ്പോഴാണ് ഗാന്ധിനഗർ സിവിൽ ആശുപത്രിയിൽനിന്ന് കുഞ്ഞിനെ ആദ്യം തട്ടിക്കൊണ്ടുപോയത്. കഴിഞ്ഞ ഏപ്രിലിലായിരുന്നു സംഭവം. ജിഗ്നേഷ്, അസ്മിത ഭാരതി എന്നിവർ ചേർന്ന് തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ ഒരാഴ്ചയ്ക്കുള്ളിൽ പോലീസ് മോചിപ്പിക്കുകയായിരുന്നു.

ഈ സംഭവത്തിന്റെ നടുക്കം മാറുംമുമ്പേയാണ് ജൂൺ അഞ്ചിന് വീണ്ടും കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. കുട്ടികളില്ലാത്ത ദിനേശ്-സുധ ദമ്പതിമാരാണ് ജൂൺ അഞ്ചാം തീയതി കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. കുട്ടിയുടെ അമ്മ റോഡരികിൽനിന്ന് ആക്രി ശേഖരിക്കുന്നതിനിടെ സൈക്കിളിൽ കിടത്തിയിരുന്ന കുഞ്ഞിനെ ഇരുവരും എടുത്തുകൊണ്ടുപോവുകയായിരുന്നു. പിന്നീട് സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച്, നാലു ദിവസത്തിന് ശേഷമാണ് പോലീസ് കുഞ്ഞിനെ കണ്ടെത്തിയത്.

രണ്ടു മാസത്തിനിടെ രണ്ടു തവണ തട്ടിക്കൊണ്ടു പോയതോടെയാണ് കുഞ്ഞിന് മുഴുവൻ സമയവും സുരക്ഷ ഏർപ്പെടുത്താൻ പോലീസ് തീരുമാനിച്ചത്. കുഞ്ഞിനെയും മാതാപിതാക്കളെയും സദാസമയവും നിരീക്ഷിക്കാനാണ് പോലീസിന്റെ തീരുമാനം. വീട്ടിലും മാതാപിതാക്കളുടെ ജോലിസ്ഥലങ്ങളിലും പോലീസിന്റെ നിരീക്ഷണമുണ്ടാകും. മാത്രമല്ല, കുടുംബത്തിന് സ്ഥിരമായ വാസസ്ഥലം ഒരുക്കാനും പോലീസിന് പദ്ധതിയുണ്ട്.

Content Highlights:24 police protection for two month old baby in gujarat