മുംബൈ: ജൂവലറിയില്‍നിന്ന് 24 ലക്ഷം രൂപയുടെ സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ രണ്ട് പോലീസുകാര്‍ ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റിലായി. സി.സി.ടി.വി. ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. 

diamondബുധനാഴ്ചയാണ് ബോറിവ്ലി നഗരപ്രാന്തത്തിലുള്ള ജൂവലറിയില്‍ നാടകീയശൈലിയില്‍ കവര്‍ച്ച നടന്നത്. രാജ് എന്നയാളാണ് ഗുജറാത്തിലെ രണ്ട് വ്യാപാരികള്‍ക്കുവേണ്ടിയാണെന്നുപറഞ്ഞ് വജ്രവില്‍പന ഏര്‍പ്പാടാക്കിയത്. ബുധനാഴ്ച വൈകീട്ട് വ്യാപാരി സ്വര്‍ണം വാങ്ങാനായി ജൂവലറിയിലെത്തി. രാജും ഒരു സ്ത്രീയുള്‍പ്പെടെ രണ്ട് സുഹൃത്തുക്കളും അപ്പോള്‍ അവിടെയുണ്ടായിരുന്നു. 

ഇടപാട് നടന്നുകൊണ്ടിരിക്കേ രണ്ട് പോലീസുകാര്‍ സ്ഥലത്തെത്തി. അനധികൃത വജ്രവില്പന നടക്കുകയാണെന്ന് വിവരം കിട്ടിയിട്ടുണ്ടെന്ന് ഭീഷണിപ്പെടുത്തി. വജ്രം കസ്റ്റഡിയിലെടുത്ത പോലീസുകാര്‍ ജൂവലറി ഉടമകളെയും വാങ്ങാനെത്തിയവരെയും വണ്ടിയില്‍ കയറ്റി. വഴിയില്‍വെച്ച് എല്ലാവരെയും ഇറക്കിവിട്ട പോലീസുകാര്‍, രേഖകളുമായി ക്രാഫോഡ് മാര്‍ക്കറ്റിലെ പോലീസ് സ്റ്റേഷനിലെത്തിയാല്‍ മതിയെന്നുപറഞ്ഞ് ഫോണ്‍നമ്പര്‍ കൊടുത്തു. 

അപകടം മണത്ത ഉടമകള്‍ ബോറിവ്‌ലി പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. ആസൂത്രിത കവര്‍ച്ചയാണ് നടന്നതെന്ന് അന്വേഷണത്തില്‍ ബോധ്യമായി. ജൂവലറിയിലെ സി.സി.ടി.വി. ദൃശ്യങ്ങളില്‍നിന്ന് തിരിച്ചറിഞ്ഞ പോലീസുകാരെ വൈകാതെ പിടികൂടി. വജ്രം തിരിച്ചുകൊടുത്ത് സംഗതി ഒതുക്കാന്‍ പോലീസുകാര്‍ ശ്രമിച്ചെങ്കിലും കേസില്‍നിന്ന് രക്ഷപ്പെടാനായില്ല. സംഭവത്തിന്റെ സൂത്രധാരനെന്നുകരുതുന്ന രാജിനെ പിടികിട്ടിയിട്ടില്ല.